കൊല്ലം :മത്സ്യഫെഡിന് കീഴിലുള്ള കൈറ്റോസാൺ പ്ലാന്റിൽ വകുപ്പ് മന്ത്രിയുടെ അറിവോടെ അനധികൃത നിയമനം നടത്തിയതായി ഡിസിസി അദ്ധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണ ആരോപിച്ചു. പ്ലാന്റിൽ ഓൾ കേരള മാർക്കറ്റിംഗ് ഓഫീസർ നിയമനം മാനദണ്ഡങ്ങൾ മറികടന്ന് മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നാണെന്നും ഈ പിൻവാതിൽ നിയമനത്തെക്കുറിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ മറുപടി പറയണമെന്നും അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത് കൈറ്റോസാൺ പ്ലാന്റിൽ ചെമ്മീൻ തോട് വാങ്ങിയവരുമായി ബന്ധപ്പെട്ട് നടക്കുന്ന കോടികളുടെ ക്രമക്കേട് മറച്ച് വയ്ക്കാനാണെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
കൈറ്റോൺ ഗുളിക വിതരണക്കാർക്ക് നൽകിയതിലും അഴിമതിയുണ്ട്. കൈറ്റിൻ കയറ്റുമതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികൾ കോടികളുടെ െലാഭം ഉണ്ടാക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റോസാൺ പ്ലാന്റ് ലക്ഷങ്ങളുടെ നഷ്ടത്തിലാണ്.
യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ സ്വകാര്യ കമ്പനികൾ കിലോയ്ക്ക് 200 രൂപയ്ക്ക് നൽകിക്കൊണ്ടിരുന്ന കൈറ്റിൻ ഇപ്പോൾ 175 രൂപയ്ക്കാണ് നൽകുന്നത്. കുറഞ്ഞ തുകയ്ക്ക് വാങ്ങിച്ച് ഗുളികയാക്കി സ്വകാര്യ കമ്പനികൾ കോടികളുടെ ലാഭം ഉണ്ടാക്കുമ്പോൾ സർക്കാർ പ്ലാന്റ് അടച്ചു പൂട്ടലിന്റെ ഭീഷണിയിലാണെന്നും ബിന്ദു കൃഷ്ണപറഞ്ഞു.