റിസർവ് ബാങ്കിൽനിന്നു വലിയ തുക എടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആശയം അപ്രായോഗികവും അപകടകരവുമാണെന്നു വിദഗ്ധർ. റിസർവ് ബാങ്കിന്റെ പക്കലുള്ള റിസർവ് പണം അമിതമാണെന്നു വാദിച്ചാണ് അതിൽനിന്ന് 3.6 ലക്ഷം കോടി രൂപ എടുക്കാനുള്ള കേന്ദ്ര നീക്കം.
ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും ഈ നീക്കം അപകടകരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. റിസർവ് ബാങ്കിന്റെ കരുതൽധനം വലിക്കുന്നത് ബാങ്കിന്റെയും രാജ്യത്തിന്റെയും ക്രെഡിറ്റ് റേറ്റിംഗിനെയും ബാധിക്കാം. ഇപ്പോൾ രാജ്യത്തിന്റെ റേറ്റിംഗ് ബിഎഎ ആണെങ്കിലും റിസർവ് ബാങ്കിന്റേത് ട്രിപ്പിൾ എ എന്ന ഏറ്റവുമുയർന്ന ഗ്രേഡിലാണ്. ആസ്തികളുടെ 27 ശതമാനത്തോളം തുക മൂലധനവും കരുതൽ ധനവുമായി ഉള്ളതാണ് ഇതിനു കാരണം.
അപായ സൂചന
റിസർവ് ബാങ്കിന്റെ കരുതൽധനം ഗവൺമെന്റ് വലിക്കുന്നത് സർക്കാരിന്റെ ധനനില അപായ നിലയിലാണെന്ന സൂചനയാണു നൽകുക. അതു രാജ്യത്തിന്റെ റേറ്റിംഗ് താഴ്ത്താൻ കാരണമാകും. റേറ്റിംഗ് താഴുന്പോൾ ഇവിടെ നിക്ഷേപിക്കാൻ താത്പര്യം കുറയും, ഇന്ത്യൻ കന്പനികൾ വായ്പയ്ക്ക് കൂടുതൽ പലിശ നൽകേണ്ടിയുംവരും.
കഴിഞ്ഞ ജൂൺ 30-ന് അവസാനിച്ച വർഷത്തെ കണക്കനുസരിച്ച് റിസർവ് ബാങ്കിന്റെ മൊത്തം ആസ്തി 36.18 ലക്ഷം കോടി രൂപയാണ്. ബാധ്യതകളും അത്രതന്നെ. മൂലധനവും കരുതൽധനവുംകൂടി 9.7 ലക്ഷം കോടി വരും. അതിലാണ് സർക്കാരിന്റെ കണ്ണ്. ഇതിൽ 3.6 ലക്ഷം കോടി രൂപ അമിത കരുതൽധനമാണെന്നു സർക്കാർ പറയുന്നു.
നാലിനം ആസ്തികൾ
റിസർവ് ബാങ്ക് 3.6 ലക്ഷം കോടി രൂപ കേന്ദ്രത്തിനു നൽകിയാൽ ബാങ്കിന്റെ ബാധ്യതയിൽ അത്രയും കുറവ് വരും. അതിനനുസരിച്ച തുക ആസ്തിയിൽ കുറയ്ക്കേണ്ടിവരും.
റിസർവ് ബാങ്കിന് ആസ്തികൾ നാലിനമാണ്
ഒന്ന്: വിദേശനാണ്യശേഖരം. ഇതു പ്രധാനമായും വിദേശരാജ്യങ്ങളുടെയും ഐഎംഎഫിന്റെയും കടപ്പത്രങ്ങളാണ്. രണ്ട്: സ്വർണം. മൂന്ന്: സർക്കാരിനു നൽകിയ വായ്പ. നാല്: കൈവശമുള്ള മറ്റു കടപ്പത്രങ്ങളും കറൻസിയും.
ഇതിൽ സ്വർണവും വിദേശനാണ്യശേഖരവും കുറയ്ക്കാൻ പറ്റില്ല. പിന്നെയുള്ളത് സർക്കാരിന്റെ കടപ്പത്രങ്ങൾ വാങ്ങിവച്ചിട്ടുള്ളതാണ്. അതു കുറയ്ക്കണമെങ്കിൽ സർക്കാരോ മറ്റാരെങ്കിലുമോ അതു വാങ്ങണം. 3.6 ലക്ഷം കോടിയുടെ കടപ്പത്രം വിപണിയിലിറക്കിയാൽ പെട്ടെന്നുതന്നെ രാജ്യത്ത് ധനകാര്യ പ്രതിസന്ധി ഉണ്ടാകും.
റിസർവ് ബാങ്ക് സർക്കാരിന്റെ മാത്രം ഉടമസ്ഥതയിലുള്ളതാണ്. അതിലിരിക്കുന്ന മിച്ചം സർക്കാരിന്റേതാണ്. അതു സർക്കാരിന്റെ ബജറ്റ് കമ്മി കുറയ്ക്കാനായി ഉപയോഗിക്കുന്പോൾ സർക്കാരിന്റെ ആസ്തിയിലാണ് കുറവുവരുന്നത്.
വലിയ തുക നൽകുന്നു
റിസർവ് ബാങ്കിന്റെ വരുമാനത്തിൽ സിംഹഭാഗവും ഓരോ വർഷവും സർക്കാരിനുതന്നെയാണു നൽകുന്നത്. 2017-18 ൽ 50,000 കോടി നൽകി. 2016-17 ൽ 30,659 കോടി, 2015-16 ൽ 65,876 കോടി എന്നിങ്ങനെ നൽകി. 2016-17 ൽ കറൻസി നിരോധനം മൂലം പുതിയ കറൻസി അടിക്കാൻ വലിയ ചെലവ് വന്നു. അതിനാൽ മിച്ചം പകുതിയിൽ താഴെയായി. അതുകൊണ്ടാണ് സർക്കാരിനു നൽകിയതും കുറവായത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കരുതലിലേക്ക് ഓരോ വർഷവും കുറേശേ നീക്കിവച്ചാണ് ഇപ്പോൾ വലിയതുക ഉണ്ടായിട്ടുള്ളത്. അത് ഒറ്റത്തവണയായി എടുത്തുകൊണ്ടുപോയാൽ രൂപയുടെ വില സംരക്ഷിക്കാനോ പണഞെരുക്കം മറികടക്കാനോ ഇടപെടാനുള്ള റിസർവ് ബാങ്കിന്റെ ശേഷി ഇല്ലാതാകും.