സാമൂഹമാധ്യമങ്ങളിലും സ്റ്റേഡിയത്തിലും തന്നെ ആരാധിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കെതിരേ ആഞ്ഞടിച്ച് സി.കെ. വിനീത് രംഗത്ത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ പോലും വെറുതെ വിടാത്ത ഇക്കൂട്ടര്‍ യഥാര്‍ഥ ആരാധകരല്ലെന്നു വിനീത് പറയുന്നു. ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചനയും അഭിമുഖത്തിനിടെ വിനീത് നല്കി. ബ്ലാസ്റ്റേഴ്സില്‍ കളിക്കുന്നത് വലിയ സമ്മര്‍ദമാണ് നല്‍കുന്നതെന്നും പലപ്പോഴും അനാവശ്യ കാര്യങ്ങള്‍ക്ക് ബലിയാടാകേണ്ടി വരുന്നുവെന്ന പരിഭവവും താരം പങ്കുവയ്ക്കുന്നു.
കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി മത്സരത്തിനുശേഷം സി.കെ. വിനീതിനെ ചില ആരാധകര്‍ സ്റ്റേഡിയത്തില്‍ വച്ച് ചീത്തവിളിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി വിനീതിന് മാത്രമല്ല ആ കളിക്കാരന്റെ കുടുംബത്തെ പോലും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു. കളി കാണാനെത്തിയ സ്ത്രീകളായ ബെംഗളൂരു ഫാന്സിനെയും മഞ്ഞപ്പട ആരാധകര്‍ എന്നവകാശപ്പെടുന്നവര്‍ വെറുതെ വിട്ടില്ല. വളരെ മോശം രീതിയിലുള്ള പെരുമാറ്റമാണ് ഒരുകൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്നും ഉണ്ടായത്.
അന്നൊക്കെ മൗനം പാലിച്ച വിനീത് ഇപ്പോള്‍ ആരാധകര്‍ക്കെതിരേ ശക്തമായി തിരിച്ചടിച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒരുകൂട്ടം ആരാധകര്‍ ഗോവയ്ക്കെതിരായ മത്സരത്തിനിടെ വിനീതിനും കോച്ച് ഡേവിഡ് ജെയിംസിനുമെതിരേ ബാനറുകളുമായി രംഗത്തെത്തുമെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. സാക് ജെയിംസ് ക്യാംപെയ്നും സോഷ്യല്‍മീഡിയയില്‍ പൊടിപൊടിക്കുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധകക്കൂട്ടമെന്ന് അവകാശപ്പെടുന്ന മഞ്ഞപ്പടയിലും ചേരിതിരിവ് ശക്തമാണ്. മഞ്ഞപ്പട ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളവര്‍ മറ്റു ഫാന്ഗ്രൂപ്പുകളെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന പരാതിയാണ് മറ്റു ഗ്രൂപ്പുകാര്‍ ഉയര്‍ത്തുന്നത്. ഗള്‍ഫിലെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജ് ഉള്‍പ്പെടെ പൂട്ടിച്ചതും മഞ്ഞപ്പട ഗ്രൂപ്പിനെതിരേ മറ്റുള്ളവരെ പ്രകോപ്പിച്ചിട്ടുണ്ട്.