കോട്ടയം: പോലീസ് ട്രാഫിക് വിഭാഗത്തിലേക്കു റിക്രൂട്ട്മെന്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തിൽ കൂടുതൽ പേർ. ഇവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. റിക്രൂട്ടുമെന്റിന്റെ പേരിൽ സംസ്ഥാനത്തുടനീളം വ്യാപക തട്ടിപ്പ് നടത്തിയ സംഘത്തിലെ ഏതാനും പേരെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പോലീസിന്റെ കണ്മുന്നിലൂടെ നടത്തിയ തട്ടിപ്പ് മൂന്നു ദിവസം കഴിഞ്ഞാണു പോലീസിനു പിടികൂടാനായത്. നഗരത്തിലൂടെ വ്യാജ പോലീസ് ബോർഡുപയോഗിച്ചു നടത്തിയ വാഹനയാത്രയ്ക്കിടെ ട്രാഫിക് ഡൂട്ടിയിലുള്ളവർ സല്യൂട്ട് ചെയ്ത സംഭവം വരെയുണ്ടായതായി പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു.
സിഐ, എസ്ഐ റാങ്കിലുള്ള പോലീസുകാർ ഉപയോഗിക്കുന്ന നക്ഷത്രങ്ങളുള്ള വേഷം വാടകയ്ക്കെടുത്താണു സംഘം തട്ടിപ്പ് നടത്തിയത്. കോട്ടയം കടുവാക്കുളത്തെ സ്കൂളിൽ നടന്ന റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട് അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി. ഷൈമോൻ (40), മൂലേടം കുന്നന്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തു.
ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ടെസ്റ്റ് നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രമുഖ പത്രത്തിൽ വാർത്ത നൽകിയിരുന്നു.ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിലെ തട്ടിപ്പ് സംബന്ധിച്ച് വിവരം ലഭിച്ചു. ഇതേത്തുടർന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണു കടുവാക്കുളത്തെ സ്കൂളിൽ നടക്കുന്ന റിക്രൂട്ട്മെന്റിനെപ്പറ്റി വിവരം ലഭിച്ചത്.
ഡിവൈഎസ്പി ആർ. ശ്രീകുമാർ, സിഐ ടി.ആർ. ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തുന്പോൾ മൂന്ന് സ്ത്രീകൾ അടക്കം പതിനഞ്ചോളം ഉദ്യോഗാർഥികൾക്ക് നിയമനം നൽകിയശേഷം പരിശീലനം നടക്കുകയായിരുന്നു.ബിജോയ് മാത്യുവിനു സിഐ റാങ്കാണെന്നും മറ്റുള്ളവർ എസ്ഐമാരാണെന്നുമായിരുന്നു അറിയിച്ചിരുന്നത്. വാട്സ്അപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചാണു തട്ടിപ്പ് സംഘം ആളുകളെ കൂട്ടിയിരുന്നത്
. കഴിഞ്ഞമാസം 28ന് സ്കൂളിൽ നടന്ന പരീക്ഷയിൽ 76 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. ഈ പരീക്ഷയ്ക്കു മുന്നോടിയായി ഇവരെ ചേർത്ത് ഒരു വാട്സ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. പരീക്ഷ കഴിഞ്ഞതിനു പിന്നാലെ വാട്സ്അപ്പ് ഗ്രൂപ്പ് പിരിച്ചു വിട്ടു.
ഇതിനുശേഷം പോലീസ് സേനയിലേക്കു പതിനഞ്ച് പേരെ റിക്രൂട്ട് ചെയ്തതായുള്ള സന്ദേശം എത്തി. ഇവരിൽനിന്നും മൂവായിരം രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. ജോലിയ്ക്കു ചേർന്ന ഇവർക്കുള്ള പരിശീലനമാണു മൂന്നു ദിവസമായി സ്കൂൾ മൈതാനത്ത് നടന്നിരുന്നത്. 200 മീറ്റർ ഓട്ടവും പുഷ്അപ്പ് പരീശീലനവും, വിവിധ പരിശീലന മുറകളുമാണ് നടന്നിരുന്നത്.
പ്രധാന പ്രതിയായ ബിജോയ് പോലീസിന്റെ നീലയോട് സാമ്യമുള്ള ടീഷർട്ടാണ് ധരിച്ചിരുന്നത്. ഇതിനു മുകളിൽ ട്രാഫിക് ട്രെയിൻഡ് പോലീസ് ഫോഴ്സ് എന്ന ലോഗോയും പേരും എഴുതിയിരുന്നു. ടീഷർട്ടിന്റെ പുറത്തും ഇത് എഴുതിച്ചേർത്തിരുന്നു. കേസിൽ ആറു പ്രതികളാണ് ഉള്ളത്. മൂന്നു പേർ ഒളിവിലാണ്. ഇവർക്കെതിരെ മാരാരിക്കുളം, തൃശൂർ എന്നിവിടങ്ങളിൽ കേസുണ്ട്.