ചെന്നൈ: സൂപ്പർതാരം വിജയ് നായകനായ സർക്കാർ എന്ന ചിത്രത്തിലെ വിവാദ പരാമർശങ്ങൾ നീക്കാമെന്ന് നിർമാതാക്കൾ സമ്മതിച്ചതായി റിപ്പോർട്ട്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ മോശമായി ചിത്രീകരിക്കുന്ന, സർക്കാരിന്റെ പല പദ്ധതികളെയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിൽനിന്നു നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എഡിഎംകെയുടെ മുതിർന്ന നേതാക്കൾ മുന്നറിയിപ്പു നല്കിയിരുന്നു.
സിനിമയുടെ തിരക്കഥയിൽ അത്തരത്തിലുള്ള പരാമർശങ്ങൾ വരാനിടയായ സാഹചര്യംകൂടി വെളിപ്പെടുത്തണമെന്നു ഫിഷറീസ് മന്ത്രി ഡി. ജയകുമാർ ,സി.വി. ഷൺമുഖം എന്നിവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാദ രംഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
2011 ലെ എഡിഎംകെയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ സൗജന്യ പദ്ധതിവഴി ഗ്രൈൻഡറും മിക്സികളും ഫാനുകളും വിതരണം ചെയ്യുമെന്നു ജയലളിത പറഞ്ഞിരുന്നു. ഇവയൊക്കെയും കൂട്ടിയിട്ടു കത്തിക്കുന്ന രംഗം സിനിമയിലുണ്ട്. രാഷ്ട്രീയപകപോക്കലിനും അതുവഴി കലാപത്തിനും ആഹ്വാനം ചെയ്യുന്നതാണിതെന്നും സർക്കാർ ഇതു ഗൗരവമായി എടുക്കുമെന്നും മന്ത്രി ജയകുമാർ പറഞ്ഞു.
സൺ പിക്ചേഴ്സാണ് സിനിമയുടെ നിർമാണം.എ.ആർ. മുരുഗദോസ് ആണു സംവിധായകൻ. സംഗീതം എ.ആർ. റഹ്മാൻ. വിജയ്യെക്കൂടാതെ കീർത്തി സുരേഷ്, രാധാരവി, വരലക്ഷ്മി ശരത്കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
സംവിധായകനെ തേടി പോലീസ്
ചിത്രത്തിന്റെ സംവിധായകനെ തേടി പോലീസ് എത്തിയെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാക്കൾ രംഗത്ത് എത്തി. സംവിധായകൻ എ.ആർ മുരുഗദോസിന്റെ വീട്ടിൽ പൊലീസ് എത്തിയിരിക്കുന്നെന്നും അദ്ദേഹത്തിന്റെ അറസ്റ്റാണ് ലക്ഷ്യമെന്നും ചിത്രത്തിന്റെ നിർമ്മാതാക്കളായ സണ് പിക്ചേഴ്സ് ട്വീറ്റ് ചെയ്യുകയായിരുന്നു. ’ബ്രേക്കിംഗ് ന്യൂസ്’ എന്ന മുഖവുരയോടെയുള്ള ഈ ട്വീറ്റ് മിനിട്ടുകൾക്കുള്ളിൽ ഒട്ടേറെപ്പേർ ഷെയർ ചെയ്തു.
പോലീസ് തന്റെ വീട്ടിൽ വന്നിരുന്നുവെന്നും വാതിലിൽ പല തവണ ശക്തിയായി അടിച്ചുവെന്നും താൻ അവിടെ ഇല്ലെന്നു കണ്ടു തിരിച്ചു പോയെന്നും ഇപ്പോൾ തന്റെ വീടിന് പുറത്ത് പോലീസ് ഇല്ലെന്നും മുരുഗദോസും ട്വീറ്റ് ചെയ്തതോടെ സർക്കാരിന് പിന്തുണയുമായി എത്തിയവരുടെ പ്രതിഷേധം ശക്തമായി. എന്നാൽ, എ.ആർ മുരുഗദോസിന്റെ മാനേജരോട് തങ്ങൾ സംസാരിച്ചുവെന്നും പോലീസ് എത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ സംരക്ഷണത്തിനായാണെന്ന് അറിയിച്ചുവെന്നും ദി ന്യൂസ് മിനിറ്റ് ന്യൂസ് പോർട്ടൽ ട്വീറ്റ് ചെയ്തു.