പാലക്കാട്: ഓട്ടോ ഡ്രൈവറായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം സദാചാരകൊലയെന്ന് പോലീസ്. കിണാവല്ലൂർ കന്പ പാറയ്ക്കൽ കുണ്ടുകാട് പരേതനായ അബ്ദുൾ ബഷീറിന്റെ മകൻ ഷെമീറി (31) നെയാണ് മൂന്നംഗസംഘം മർദിച്ചു കൊലപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം ഏഴിനാണ് സംഭവം. മുട്ടിക്കുളങ്ങര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ഷെമീർ. സമീപവാസികളായ മൂന്നു പേരാണ് ഷെമീറിനെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ ഇവർക്കുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി.
ഷെമീർ ഇന്നലെ വൈകുന്നേരം പാറയ്ക്കലിലെ ഒരു വീട്ടിലേയ്ക്ക് വരുന്പോൾ മൂന്നംഗസംഘം ഇയാളെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. പട്ടികകൊണ്ടും കല്ലുകൊണ്ടും ഗ്രാനൈറ്റ് കഷണങ്ങൾ കൊണ്ടുമാണ് മർദിച്ചത്.
തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ ഒരു മണിക്കൂറോളം ഇയാൾ റോഡിൽ കിടന്നു. ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. പിന്നീട് അതുവഴി വന്ന യുവാക്കൾ പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മർദിച്ച് അവശനാക്കിയ ശേഷം പ്രതികൾ രണ്ടു ബൈക്കുകളിലായാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഡിവൈഎസ്പി ഡി. വിജയകുമാർ, ഹേമാംബിക നഗർ സിഐ സി. പ്രേമാനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധർ ഇന്നു രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അവിവാഹിതനാണ് ഷെമീർ.