കൊല്ലങ്കോട്: വാഹനപരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി ജില്ലക്കാരായ രണ്ടു യുവാക്കളെ കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസ് അധികൃതർ അറസ്റ്റുചെയ്തു. തൊടുപുഴ കന്പംകല്ല് കിഴക്കേമത്തിൽ വീട്ടിൽ ബഷീറിന്റെ മകൻ റാഷിദ് (36), കുമരമംഗലം നടുവിൽ ഇടത്തുവീട്ടിൽ സുധാകരന്റെ മകൻ സനീഷ് (29) എന്നിവരാണ് പിടിയിലായത്.
പൊള്ളാച്ചി-തൃശൂർ കഐസ്ആർടിസി ബസിൽ ഇന്നലെ വൈകുന്നേരം ആറിനാണ് കഞ്ചാവ് പിടികൂടിയത്. രണ്ടുകിലോ കഞ്ചാവ് മണം പുറത്തുവരാത്ത രീതിയിൽ പൊതിഞ്ഞ് സ്കൂൾ ബാഗിലാണ് കൊണ്ടുവന്നിരുന്നത്. തേനി കന്പത്തുനിന്നും 20,000 നല്കി വാങ്ങിയ കഞ്ചാവ് തൊടുപുഴയിലെത്തിച്ചു വില്പന നടത്തിയാൽ 50,000 ലഭിക്കുമെന്ന് എക്സൈസ് അധികൃതർക്ക് യുവാക്കൾ മൊഴിനല്‍കി.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.സജികുമാർ, പ്രിവന്റീവ് ഓഫീസർമാരായ സി.ജെ.ഫ്രാൻസിസ്, എം.ആർ.സുജീബ് റോയ്, സിഇഒമാരായ എസ്.രാജീവ്, സി.രാധാകൃഷ്ണൻ, എസ്.ഷാജഹാൻ, വി.പി.രാഗി, സംഗീത എന്നിവരടങ്ങിയ സംഘ മാണ് വാഹന പരിശോധനയിൽ പങ്കെടുത്ത ജീവനക്കാർ. അറസ്റ്റിലായ ഇരുവരേയും ഇന്നുവൈകുന്നേരം ചിറ്റൂർ കോടതിയിൽ ഹാജരാക്കും.