വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം കരാർ എടുത്തിട്ടുള്ള കെ എം സി കന്പനി അധികൃതർ ചുവട്ടുപ്പാടത്തെ ഓഫീസ് പൂട്ടി സ്ഥലംവിട്ടു. പട്ടിണിയിലായ മലയാളികൾ ഉൾപ്പെടെയുള്ള നൂറോളം ജീവനക്കാർ ഇപ്പോൾ കന്പനിയുടെ ഓഫീസ് പടിക്കൽ പന്തൽകെട്ടി സമരത്തിലാണ്.
പാതനിർമാണത്തിന് ആവശ്യമായ കന്പി ഉൾപ്പെടെയുള്ള സാധനസാമഗ്രികളും യന്ത്രസംവിധാനങ്ങളും വാഹനങ്ങളും സൂക്ഷിച്ചിട്ടുള്ള ചുവട്ടുപ്പാടത്ത് ഇതെല്ലാം സംരക്ഷിക്കാൻ ആരുമില്ല. പന്നിയങ്കര ടോൾ ബൂത്തിലുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റാഫുകളും ഇപ്പോഴില്ല. ഇവർക്ക് ഒരുവർഷമായി കന്പനി ശന്പളം നല്കാത്തതിനാൽ പിടിച്ചുനില്‍ക്കാനാകാതെ പലരും ജോലി ഉപേക്ഷിച്ചു.
നാഥനില്ലാത്ത സ്ഥിതിയായതോടെ കന്പിയും മറ്റും കടത്തി പണം കണ്ടെത്തിയവരുമുണ്ട്. പാതനിർമാണം ഇനി എന്നുതുടങ്ങും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല. എട്ടുമാസമായി ശന്പളം കിട്ടിയിട്ടില്ലെന്നാണ് ചുവട്ടുപ്പാടത്തെ കന്പനിയുടെ ഓഫീസ് പടിക്കൽ സമരം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ പറയുന്നത്.
ഇവർക്ക് ജീവൻ നിലനിർത്താൻ മാത്രം ദിവസത്തിൽ രണ്ടുനേരം എന്തെങ്കിലും ഭക്ഷണം നല്‍കുന്നുണ്ട്. ഉടുതുണി മാറി ഉടുക്കുന്നതിനോ കുളിക്കാൻ സോപ്പ് വാങ്ങാൻപോലും ഇവരുടെ പക്കൽ പണമില്ല. മെസിലേക്ക് സാധനങ്ങൾ വാങ്ങുന്നതുതന്നെ സമീപത്തെയും വടക്കഞ്ചേരിയിലേയും കടകളിൽനിന്നാണ്. കടകളിലും ലക്ഷങ്ങളുടെ കുടിശികയുണ്ട്.