കറുകച്ചാൽ: വാഹന പരിശോധനയ്ക്കിടയിൽ എഎസ്ഐ ബൈക്ക് യാത്രക്കാരനെ അസഭ്യം പറഞ്ഞതായി പരാതി. സംഭവത്തിൽ കറുകച്ചാൽ സ്റ്റേഷനിലെ എഎസ്ഐ ഷാജിമോനെതിരെ യൂത്ത് കോണ്ഗ്രസ് കറുകച്ചാൽ മണ്ഡലം പ്രസിഡന്റ് അഖിൽ പാലൂർ ചങ്ങനാശേരി ഡിവൈഎസ്പിയ്ക്ക് പരാതി നൽകി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ചങ്ങനാശേരി-വാഴൂർ റോഡിൽ പോലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം.
ചങ്ങനാശേരി ഭാഗത്തു നിന്നും കറുകച്ചാലിലേക്ക് പോകുകയായിരുന്ന അഖിലിന്റെ ബൈക്കിനെ പിന്തുടർന്ന എത്തിയ പോലീസ് ജീപ്പ് റോഡിനു കുറുകെ നിർത്തുകയും വാഹനത്തിലുണ്ടായിരുന്ന എഎസ്ഐ മൊബൈലിൽ സംസാരിച്ചുവെന്നാരോപിച്ച അസഭ്യം പറയുകയുമായിരുന്നു.
കാര്യം തിരക്കിയപ്പോൾ താൻ മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ച് ഉൗതിക്കുകയും തട്ടിക്കയറുകയും 400 രൂപ പിഴ അടയ്ക്കണമെന്നും എഎസ്ഐ പറഞ്ഞതായി പരാതിയിൽ പറയുന്നു. എന്നാൽ കാരണം വ്യക്തമാക്കുവാൻ എഎസ്ഐ തയ്യാറായില്ല. സ്റ്റേഷനിൽ എത്തി എസ്ഐയെ കണ്ട് വിവരം തിരക്കിയശേഷമെ താൻ പിഴ അടയ്ക്കു എന്നു പറഞ്ഞപ്പോൾ എഎസ്ഐ പോയതായും അഖിൽ പറഞ്ഞു.