കടുത്തുരുത്തി: പെരുവ ഗവണ്മെന്റ് ബോയിസ് ഹൈസ്കൂളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയുടെ അഴിഞ്ഞാട്ടം. പലതവണ പോലീസിൽ പരാതിപ്പെട്ടിട്ടും നടപടികളില്ലെന്ന് രക്ഷകർത്താക്കളും അധ്യാപകരും. പകൽ, രാത്രി വ്യത്യാസമില്ലാതെ സ്കൂളും പരിസവും കഞ്ചാവ് മാഫിയകൾ താവളമാക്കിയിരിക്കുകയാണ്.
ഗവണ്മെന്റ് എൽപി സ്കൂളിന് പുറകുവശത്ത് ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിന് തെക്കുവശത്തായിട്ടാണ് കഞ്ചാവ് മാഫിയുടെ കേന്ദ്രമെന്നും നാട്ടുകാർ പറയുന്നു. സ്കൂളിൽ നിന്നു പുറത്താക്കിയ ഒരു വിദ്യാർഥിയും കൊച്ചു കുട്ടികൾക്ക് സിഗരറ്റും ച്യൂയിംഗ് ഗമും മറ്റും നൽകുന്നതായും നാട്ടുകാർ ചൂണ്ടികാണിക്കുന്നു.
ഇരുപത് വയസോളം പ്രായമുള്ള യുവാക്കളാണ് കഞ്ചാവുമായി ഇവിടങ്ങളിൽ എത്തുന്നത്. ഇവർ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും പതിവാണെന്നും നാട്ടുകാർ പറഞ്ഞു. കുന്നപ്പിള്ളി, അറുനൂറ്റിമംഗലം, വടുകുന്നപ്പുഴ, കാരിക്കോട്, ശാന്തിപുരം, അവർമ, മണ്ണുക്കൂന്ന് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നുണ്ട്.
അറുനൂറ്റിമംഗലത്ത് ഒരു വീട് കേന്ദ്രീകരിച്ചും കുന്നപ്പിള്ളി വേലിയാങ്കര എന്നിവിടങ്ങളിലും കഞ്ചാവ് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. കഞ്ചാവ് മാഫിയയുടെ ആളുകൾ നാട്ടുകാർക്കെതിരേ ഭീഷണി മുഴക്കുന്നുണ്ടെന്ന് അയൽവാസികൾ പറയുന്നു.
പെരുവയിൽ രണ്ട് മാസം മുന്പ് പിടികൂടിയ യുവാക്കളിൽനിന്ന്, സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ആധുനിക രീതിയിലുള്ള ഉപകരണവും പിടികൂടിയിരുന്നു. കഞ്ചാവ് മാഫിയയ്ക്കെതിരേ പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലന്ന് നാട്ടുകാരും രക്ഷകർത്താക്കളും ആരോപിക്കുന്നു.