കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദപ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റിന് പോലീസ് ഇന്ന് ‘സുരക്ഷ’ ഒരുക്കും. പി.എസ്.ശ്രീധരന്‍പിള്ളയും ബിഡിജെഎസ് സംസ്ഥാന ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് ജില്ലയില്‍ എത്തുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്.
രാഷ്ട്രീയ അക്രമങ്ങളുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലായാണ് രഥയാത്രയുടെ ഭാഗമായി പോലീസ് ജാഗ്രത പുലര്‍ത്തുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടിയും ഇന്ന് നഗരത്തില്‍ നടക്കുന്നുണ്ട്. ഇതോടെ നഗരം പോലീസ് വലയത്തിലാണ്. അതേസമയം വിവാദ പ്രസംഗം നടത്തിയതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് സംബന്ധിച്ച് പോലീസ് തീരുമാനമെടുത്തിട്ടില്ല.
രഥയാത്രക്കിടെ അറസ്റ്റ് ചെയ്താല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കുന്ന സൂചന. അറസ്റ്റ് ചെയ്താലുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇതിനകം തന്നെ ബിജെപി നേതാക്കള്‍ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.
പി.എസ്.ശ്രീധരന്‍പിള്ളയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഔദ്യോഗികവസതികളില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത തരത്തില്‍ ജനകീയപ്രതിഷേധമുണ്ടാവുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അറസ്റ്റ് പിന്നീടാവാമെന്ന രീതിയില്‍ പോലീസ് നില്‍ക്കുന്നത്.
വയനാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ശബരിമല സംരക്ഷണ രഥയാത്ര രാവിലെ ഒമ്പതിന് ജില്ലാ അതിര്‍ത്തിയായ തൊട്ടില്‍പാലത്ത് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് മൂന്നിന് കോഴിക്കോട് നഗരാതിര്‍ത്തിയായ കോരപ്പുഴ പാലത്തില്‍ പ്രവേശിക്കും.
യുവമോര്‍ച്ചയുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ യാത്രയ്ക്ക് സ്വീകരണം നല്‍കും. സമാപനവേദിയായ കോഴിക്കോട് കടപ്പുറത്തെ സ്വീകരണവേദിയിൽ വൈകിട്ട് നാല് മണിയോടെ യാത്ര എത്തിച്ചേരും. കോര്പറേഷന് ഓഫീസിന് സമീപം മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രാഅംഗങ്ങള്ക്ക് വരവേല്‍പ്പ് നല്‍കും. ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകിട്ട് ആറുമണിയോടെ മലപ്പുറത്തെ ചേളാരിയില്‍ രഥയാത്ര എത്തിച്ചേരും.