ഫേസ് റെക്കഗ്‌നീഷനെ കടത്തിവെട്ടി ചൈനയുടെ പുതിയ ഗെയ്റ്റ് റെക്കഗ്‌നീഷന്‍ ! ഫേസ് റെക്കഗ്‌നീഷന്‍ പരാജയപ്പെടുന്നിടത്ത് ആളെ തിരിച്ചറിയാന്‍ ചൈനയുടെ പുതിയ ടെക്‌നോളജി ഇങ്ങനെ…

ഫേസ് റെക്കഗ്‌നീഷന്‍ ടെക്‌നോളജി ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതെന്തെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ആളെ തിരിച്ചറിയാന്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ ടെക്‌നോളജി കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍. നിരീക്ഷണകാമറകളില്‍ ഗെയ്റ്റ് റെക്കഗ്‌നീഷന്‍ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ഒരാളുടെ നടത്തത്തിലെ സവിശേഷ താളമളന്ന് അയാളെ തിരിച്ചറിയാനുള്ള വിദ്യയാണിത്. നടക്കുന്നയാളുടെ മുഖം ക്യാമറയ്ക്ക് എതിരെയാണെങ്കില്‍ പോലും, അല്ലെങ്കില്‍ മുഖം മറച്ചു നടന്നാല്‍ പോലും അയാളെ തിരിച്ചറിയാമെന്നതാണ് ഇതിന്റെ ഗുണം. ഫേസ് റെക്കഗ്‌നിഷന്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരാളുടെ മുഖത്തിന്റെ, ക്ലോസ് അപിലുള്ള, ഹൈ റെസലൂഷന്‍ ഫോട്ടോ ലഭിക്കണം. എന്നാല്‍, 50 മീറ്റര്‍, അല്ലെങ്കില്‍ 165 അടി അകലെ നടക്കുന്ന ഒരാളെപ്പോലും അയാളുടെ നടത്ത രീതിയില്‍ നിന്നു തിരിച്ചറിയാമെന്നാണ് പറയുന്നത്.

ചൈനീസ് പൊലീസ്, ഗെയ്റ്റ് റെക്കഗ്‌നിഷന്‍ സോഫ്റ്റ്വെയര്‍ അടങ്ങുന്ന ക്യാമറകള്‍ ബെയ്ജിംഗിലും ഷാങ്ഹായിലുമുള്ള പല സ്ഥലത്തും സ്ഥാപിച്ചു തുടങ്ങിയിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡേറ്റയുടെയും സഹായത്തോടെ രാജ്യത്തെമ്പാടും ഇത്തരത്തില്‍ ആളെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ കൊണ്ടു വരാനാണ് ചൈനയുടെ തീരുമാനം. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉല്‍കണ്ഠാകുലരാക്കുകയാണ് ഈ നടപടി. ഗെയ്റ്റ് റെക്കഗ്‌നിഷന്‍ ഫേസ് റെക്കഗ്‌നിഷനുമായി ഒത്തു പ്രവര്‍ത്തിപ്പിച്ച് തെറ്റുവരാത്ത രീതിയില്‍ ആളുകളെ തിരിച്ചറിയാനാണ് ചൈനയുടെ ശ്രമം.

വോട്രിക്സ് (Watrix) എന്ന കമ്പനിയാണ് ഈ സോഫ്റ്റ്വെയര്‍ നല്‍കുന്നത്. വോട്രിക്സിന്റെ മേധാവി പറയുന്നത് ഒരാളെ തിരിച്ചറിയാന്‍ അയാളുടെ സഹകരണമൊന്നും വേണ്ടെന്നാണ്. ക്യാമറയെ പറ്റിക്കാനായി മുടന്തി മുടന്തി നടന്നാലോ, പാദം അകത്തി വച്ചു നടന്നാലോ, കൂനിക്കൂനി നടന്നാലോ ഒന്നും ഒരു കബളിപ്പിക്കലും നടക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. കാരണം തങ്ങള്‍ ഒരു ശരീരത്തിന്റെ മുഴുവന്‍ സവിശേഷ ലക്ഷണങ്ങളും വച്ചാണ് ഒരാളെ തിരിച്ചറിയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരെയും മറ്റും കണ്ടുപിടിക്കാന്‍ ചൈനീസ് പൊലീസ് ഫേസ് റെക്കഗ്‌നീഷനാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പരമാവധി ഡേറ്റ ഉള്‍ക്കൊള്ളിച്ച് ഒരു സുരക്ഷാ സിസ്റ്റം രാജ്യത്തിനൊരുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ വരവും കൂടുതല്‍ ആളുകളെ അസ്വസ്ഥരാക്കുന്നു. ചൈനയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഷിന്‍ജിയാങ് (Xinjiang) പ്രവിശ്യയിലെ നിയമപാലകരും ഈ സാങ്കേതികവിദ്യയില്‍ താത്പര്യം കാണിച്ചിട്ടുണ്ട്.

ഷിന്‍ജിയാങിലെ മുസ്ലിങ്ങളെ ഇങ്ങനെയുള്ള പലവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിരീക്ഷിച്ചു വരികയാണ്.ഷി സുഷി (Shi Shusi) എന്ന ചൈനീസ് കോളമിസ്റ്റ് പറയുന്നത് ഈ സാങ്കേതികവിദ്യ ലോകത്ത് മറ്റൊരിടത്തും ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും ചൈനയില്‍ വ്യപകമായി ഉപോഗിക്കപ്പെട്ടാല്‍ ഒരദ്ഭുതവുമില്ലെന്നാണ്. സമൂഹത്തിനുമേല്‍ അത്രയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ബയോമെട്രിക്സ് റെക്കഗ്‌നിഷന്‍ ഉപയോഗിച്ച് സാമൂഹ്യ സ്ഥിരത ഉറപ്പുവരുത്തുകയെന്നത് ചൈന കൊണ്ടുവന്നിട്ടുള്ള, തടയാനാകാത്ത ഒരു പ്രവണതയാണെന്നും അദ്ദേഹം പറയുന്നു.

ഈ സാങ്കേതിക വിദ്യ വിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യമായി പരീക്ഷിക്കുന്നത് ചൈനയാണെങ്കിലും ജപ്പാനിലെയും ബ്രിട്ടനിലെയും ശാസ്ത്രജ്ഞര്‍ ഗെയ്റ്റ് റെക്കഗ് നീഷനില്‍ പത്തു വര്‍ഷം മുമ്പേതന്നെ ഗവേഷണം നടത്തി വരികയായിരുന്നു. ഗെയ്റ്റ് റെക്കഗ്‌നിഷന്‍ മറ്റു ബയോമെട്രിക്സുകളെക്കാള്‍ സങ്കീര്‍ണ്ണമാണെന്നാണ് യൂണിവേഴ്സിറ്റി ഓഫ് സതാംപ്റ്റണിലെ മുഖ്യ ഗവേഷകന്‍ മാര്‍ക് നിക്സണ്‍ പറയുന്നത്. ഇതിനു കൂടുതല്‍ ശക്തിയുള്ള കംപ്യൂട്ടറുകള്‍ വേണം. ഒരു ഫോട്ടോ പോരാ, മറിച്ച് ഒരേ ക്രമത്തിലുള്ള നിരവധി ഇമേജുകള്‍ വേണമെന്നും അദ്ദേഹം പറയുന്നു.

വോട്രിക്സിന്റെ സോഫ്റ്റ്വെയര്‍, ഒരാളുടെ വിഡിയോയില്‍ നിന്ന് അയാളുടെ നിഴല്‍ രൂപത്തിന്റെ (silhouette) ചലനരീതി വേര്‍തിരിച്ചെടുക്കുന്നു, അവലോകനം ചെയ്യുന്നു. ഇതില്‍ നിന്ന് ഒരാള്‍ എങ്ങനെയാണ് നടക്കുന്നത് എന്നതിന്റെ മാതൃകാരൂപം നിര്‍മിക്കുന്നു. എന്നാല്‍ തത്സമയം ഒരാളെ തിരിച്ചറിയാനുള്ള ശേഷി ഈ സിസ്റ്റത്തിന് ഇനിയും കൈവരിക്കാനായിട്ടില്ല. ആളുകള്‍ അവരുടെ വീഡിയോ സിസ്റ്റത്തിലേക്ക് അപ്ലോഡു ചെയ്തു നല്‍കിയാല്‍ മാത്രമാണ് ഇപ്പോള്‍ ഇത് വേര്‍തിരിച്ചെടുക്കാനാകൂ. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ അവലോകനം ചെയ്യാന്‍ 10 മിനിറ്റ് എടുക്കും. എന്നാല്‍, ഇതിന് പ്രത്യേക കാമറകളൊന്നും വേണ്ട. സര്‍വൈലന്‍സ് ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് എടുത്തും അവലോകനം ചെയ്യാനാകും.

എന്നാല്‍, ഇത് നിരീക്ഷണത്തിനു മാത്രമല്ല ഉപകരിക്കുക എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരാള്‍ വിഷമത്തിലാണെങ്കില്‍, ഉദാഹരണത്തിന് പ്രായമായ ഒരാള്‍ വഴിയില്‍ വീഴുകയാണെങ്കില്‍ വേണ്ടപ്പെട്ടവരെ അറിയിക്കുകയും സഹായമെത്തിക്കുകയും ചെയ്യാം. ഇതിലൂടെ ടെക്നോളജിക്ക് ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാന്‍ കൂട്ടു നില്‍ക്കുകയും ചെയ്യാമെന്നു വാദിക്കുന്നവരും ഉണ്ട്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ ഉണ്ടാവുമെന്നുറപ്പാണ്.

Related posts