നൈറ്റി എന്നു പറഞ്ഞാല്‍ നൈറ്റില്‍ ധരിക്കാനുള്ളതാണ് ! പകല്‍ സമയത്ത് സ്ത്രീകള്‍ നൈറ്റി ധരിച്ചാല്‍ 2000 രൂപ പിഴ വിധിച്ച് വിചിത്രഗ്രാമം; നിയമലംഘനം കമ്മിറ്റിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികമായി ലഭിക്കുന്നത്…

അമരാവതി: ഡ്രസ്‌കോഡ് എല്ലായിടത്തുമുണ്ടെങ്കിലും ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലുളള ഒരു ഗ്രാമത്തിലുള്ള ഡ്രസ്‌കോഡ് അല്‍പ്പം വിചിത്രമാണ്. പകല്‍സമയങ്ങളില്‍ സ്ത്രീകള്‍ നൈറ്റി ഇടുന്നത് ഇവിടെ കുറ്റകരമാണ്. നൈറ്റിയില്‍ സ്ത്രീകളെ കാണുന്നത് ചില പുരുഷന്മാര്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് വിചിത്രമായ നിയമം ഗ്രാമത്തില്‍ കൊണ്ടു വന്നത്. തോക്കലാപ്പളളി എന്ന മുക്കുവ ഗ്രാമത്തിലാണ് ഈ നിയമം ഉളളത്.

ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ യോഗം ചേര്‍ന്നാണ് ഇത്തരമൊരു നിയമം ഇവിടെ കൊണ്ടുവന്നത്. ഇത് പ്രകാരം രാവിലെ 6 മുതല്‍ വൈകിട്ട് 7 മണി വരെ സ്ത്രീകള്‍ നൈറ്റി ഉടുത്ത് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല. നിയമം ലംഘിക്കുന്ന സ്ത്രീകള്‍ ഗ്രാമവികസന കമ്മിറ്റിയില്‍ 2000 രൂപ പിഴയായി അടക്കണം. നിയമലംഘനങ്ങള്‍ കമ്മറ്റിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികമായി 1000 രൂപ ലഭിക്കും.

ഏഴുമാസം മുമ്പാണ് ഗ്രാമത്തില്‍ ഈ നിയമം നിലവില്‍ വന്നത്. എന്നാല്‍ സംഭവം പുറംലോകം അറിയുന്നതാവട്ടെ കഴിഞ്ഞ വ്യാഴാഴ്ചയും. നിദമറു പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ എം വിജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. അദ്ദേഹം തഹസില്‍ദാറേയും കൂട്ടി ഗ്രാമം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഗ്രാമത്തലവന്മാര്‍ക്ക് സ്ത്രീകള്‍ നൈറ്റി ഉപയോഗിച്ച് പുറത്തിറങ്ങുന്നതിനെ കുറിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സ്ത്രീകള്‍ നൈറ്റി ഇട്ട് ഷോപ്പിംഗിന് പോവുക, കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടുക, കുടുംബശ്രീ പോലെയുളള സംഘങ്ങളുടെ യോഗങ്ങളില്‍ പങ്കെടുക്കുക എന്നിവയൊക്കെ ചില പുരുഷന്മാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഗ്രാമത്തലവന്മാര്‍ സ്ത്രീ സംഘങ്ങളുടെ നേതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചു. ഇവരുടേയും സമ്മതപ്രകാരമാണ് സ്ത്രീകള്‍ക്ക് നൈറ്റി വിലക്കിയത്. ഗ്രാമത്തില്‍ ചെണ്ട കൊട്ടി അറിയിച്ചാണത്രെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി അറിയിച്ചത്. ഏകദേശം അയ്യായിരത്തോളം പേരാണ് ഗ്രാമത്തിലുളളത്. സംഭവത്തില്‍ കേസൊന്നും എടുത്തിട്ടില്ലെന്നും സ്ത്രീകളാരും പരാതി നല്‍കിയിട്ടില്ലെന്നും എസ്‌ഐ വ്യക്തമാക്കി. എന്നാല്‍ ഇത്തരം നിയമങ്ങള്‍ ഇനി നടപ്പില്‍ വരുത്തരുതെന്ന് പൊലീസ് നിര്‍ദേശിച്ചു.

Related posts