തിരുവനന്തപുരം: കഴക്കൂട്ടം മൺവിള ഫാമിലി പ്ലാസ്റ്റിക്സ് ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാർ തന്നെയെന്ന് പോലീസ്. കസ്റ്റഡിയിൽ ഉള്ളവർ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ബിമൽ, ബിനു എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവർ ചിറയിൻകീഴ്, കഴക്കൂട്ടം സ്വദേശികളാണ്.
ബിമലാണ് ഫാക്ടറിക്ക് തീയിട്ടതെന്നും ബിനു സഹായം നൽകിയെന്നും പോലീസ് പറഞ്ഞു. മൂന്നാം നിലയിൽനിന്നാണ് തീപടർന്നത്. ഫാമിലി പ്ലാസ്റ്റികിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായിരിക്കുന്നത്. തീ ആദ്യം പിടിച്ച സ്റ്റോർ റൂമിലേയ്ക്ക് ഇവർ കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ഇവരുടെ ശന്പളം മാനേജുമെന്റ് അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിന് സ്റ്റോർ റൂമിൽ കുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കവറുകൾക്ക് തീയിടാൻ കാരണം. ഇത്ര വലിയൊരു തീപിടുത്തം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും മനേജുമെന്റിന് ഒരു മുന്നറിയിപ്പ് നൽകുകയായിരുന്നു ലക്ഷ്യമെന്നാണ് ഇവരുടെ മൊഴി.
കത്തിക്കാനുപയോഗിച്ച ലൈറ്റർ വാങ്ങിയ കട അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തീപിടുത്തം അട്ടിമറിയാണെന്ന തരത്തിലുള്ള പ്രാഥമിക നിഗമനമാണ് ഫയർ ഫോഴ്സും അന്വേഷണ സംഘത്തിന് കൈമാറിയത്.