പത്തനാപുരം: ഈറ ,മുള എന്നിവ ഉപയോഗിച്ചുള്ള ഉല്പന്നങ്ങളുമായി പാതയോരങ്ങളില്‍ തമിഴ്നാട്ടിൽ നിന്നുളള സംഘങ്ങൾ സജീവമായി കഴിഞ്ഞു.തിരക്കേറിയ പാതയിലൂടെ പോകുന്ന വാഹന യാത്രികരാണ് കച്ചവടക്കാരുടെ ലക്ഷ്യം.മുള ചെത്തി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി എത്തിച്ചശേഷം ഇവിടെ വച്ച് തന്നെ ഉല്പന്നങ്ങളാക്കി വില്പന നടത്തുകയാണ്.പഴയകാലത്ത് ഈറ്റ ഉല്പന്നങ്ങളില്ലാത്ത വീടുകള്‍ അപൂര്‍വ്വമായിരുന്നു.
ഓണക്കാലത്തായിരുന്നു ഈറ്റ,മുള ഉല്പന്നങ്ങള് അധികം വിപണനം നടന്നിരുന്നത് .പായും പരമ്പും കുട്ടയും വട്ടിയുമെല്ലാം മലയാളിക്ക് ഗൃഹാതുരത്വം നല്കുന്ന ഓര്‍മകളാണ് .തമിഴ്നാട്ടിലെ തെങ്കാശി,ചെങ്കോട്ട,മധുര,തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് വിൽപനയ്ക്കായി എത്തിയിരിക്കുന്നത്.അതിര്‍ത്തിയിലെ കാടുകളില്‍ നിന്നും ശേഖരിക്കുന്ന മഞ്ഞമുള ചെറുതായി കീറി ഉണക്കിയെടുക്കുന്നു.
മുളവള്ളികളുടെ കെട്ടുകളുമായി തിരക്കേറിയ പാതയോരത്ത് തമ്പടിക്കുന്ന സംഘങ്ങള്‍ അവിടെ ഇരുന്ന് തന്നെ ഉല്പന്നങ്ങള് നിര്‍മ്മിക്കുകയാണ് പതിവ്. കുട്ട,വട്ടി,ചോറ് കുട്ട,ഉറി,പരമ്പ്,കയ്യാലകുട്ട,അടപ്പ് കുട്ട,മുറം,മീന്‍കുട്ട എന്നിങ്ങനെ വിവിധ സാധനങ്ങള്‍ നിര്‍മ്മിക്കുന്നത് . ഇരുപത് രൂപ മുതല്‍ ഇരുന്നൂറ്റി അന്‍പത് രൂപ വരെയാണ് വില. ജില്ലയുടെ പലഭാഗങ്ങളില്‍ ഇത്തരത്തിലുളള തമിഴ്സംഘങ്ങള്‍ എത്തിയിട്ടുണ്ട്.