തലശേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇന്നലെ വൈകുന്നേരം ആറോടെ ചിറക്കര -കീഴന്തി മുക്കിലാണ് സംഭവം.സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കതിരൂർ സ്വദേശിനികളായ പെൺകുട്ടികളെയാണ് രണ്ട് ദിവസം പിന്തുടർന്ന ശേഷം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
ഗ്ലാസിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ച വെള്ള മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കാറിൽ കയറാൻ വിസമ്മതിച്ച പെൺകുട്ടികളോട് ഈ വഴിയല്ലേ ഇനിയും പോകേണ്ടത് കാണിച്ചു തരാം എന്ന ഭീഷണിയും സംഘം ഉയർത്തിയതായി പെൺകുട്ടികൾ പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.
പെൺകുട്ടികളെ ഏറെനേരം ഈ കാർ പിന്തുടരുകയും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം കഴിഞ്ഞ മൂന്നു ദിവസമായി ദുരുഹ സാഹചര്യത്തിൽ ഈ കാർ പാർക്ക് ചെയതിരുന്നതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
ഇന്ന് രാവിലെ പെൺകുട്ടികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയ വനിതാ പോലീസ് അടങ്ങിയ പോലീസ് സ്ഥലം പെൺകുട്ടികളിൽ നിന്നും വിശദമായ വിവരങ്ങൾ ചോദിച്ചറിഞ്ഞു.