തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ ദൃക്സാക്ഷി മാഹിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നു. മാഹിന്റെ ഹോട്ടലായ സുല്‍ത്താനയില്‍ നിന്ന് സനല്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് റോഡില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിനെ ചൊല്ലി ഡിവൈഎസ്പി ഹരികുമാറുമായി തര്‍ക്കം ഉണ്ടാകുന്നത്. വാക്കേറ്റത്തിനു പിന്നാലെ കാര്‍ മാറ്റുന്നതിനിടെ സനലിനെ ഡിവൈഎസ്പി അടിക്കുന്നതും മാഹിന്‍ നേരില്‍ക്കണ്ടിരുന്നു.
അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ അന്വേഷണസംഘം മൊഴിയെടുക്കാനായി മാഹിന്റെ ഹോട്ടലില്‍ എത്തിയതോടെ യുവാവിനെ തേടി ഭീഷണികളും എത്തി. ഗുണ്ടാഭീഷണിയെ തുടര്‍ന്ന് സംഭവത്തില്‍ സാക്ഷിയായി മൊഴി നല്കിയ മാഹിന്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്കി. മാഹിനെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ഭാര്യ നൂര്‍ജഹാനേയും ഭീക്ഷണിപ്പെടുത്തി, ഭീഷണി തുടര്‍ന്നതോടെ മാഹിന്‍ കട പൂട്ടിയിരിക്കുകയാണ്. പോലീസ് സംരക്ഷണം നല്‍കുമെന്ന് മാഹിനും കുടുംബത്തിനും ഉറപ്പു നല്‍കിയിട്ടുണ്ട്.
സനല്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ മാഹിന്റെ ഹോട്ടലില്‍ എത്തിയിരുന്നു. ചിലപ്പോള്‍ കുടുംബവുമായും ഇവിടെ എത്തിയിരുന്നു. അതേസമയം സംഭവം നടന്നിട്ട് ആറാം ദിവസം പിന്നിടുമ്പോഴും പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ഒളിവിലാണ്. ഉറ്റസുഹൃത്തായ ബിനുവും ഇയാള്‍ക്കൊപ്പം ഉണ്ടെന്നാണ് സൂചന. ഇരുവരും മധുരയില്‍ നിന്നും മാറിയതായും പോലീസ് സംശയിക്കുന്നു. അതിനിടെ ഹരികുമാര്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്. ദൃക്സാക്ഷിയുടെ വിശദമായ മൊഴി പുറത്തുവന്നതോടെ ഹരികുമാറിന് കുരുക്കു മുറുകുമെന്നുറപ്പാണ്.