റായ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരനെ ഒപ്പംകൂട്ടി തെരഞ്ഞെടുപ്പ് പ്രചാരണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഛത്തിസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണു മോദിയുമായി രൂപസാദൃശ്യമുള്ള അഭിനന്ദൻ പഥക് എന്നയാളെ കോണ്‍ഗ്രസ് പങ്കെടുപ്പിച്ചത്.
അടുത്തിടെയാണ് ഇയാൾ കോണ്‍ഗ്രസിൽ ചേർന്നത്. മുന്‍പ് ഇയാൾ ബിജെപിക്കായി തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നു. മോദിയുടെ അപരനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ രാഹുൽ ഗാന്ധി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. നോക്കൂ… ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്നതാരാണെന്ന് കാണൂ… എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ചിത്രം പോസ്റ്റ് ചെയ്തത്.
മോദിയെപ്പോലെ വേഷം ധരിച്ചാണ് അഭിനന്ദൻ പ്രചാരണത്തിനെത്തിയത്. മോദി ധരിക്കുന്ന തരത്തിലുള്ള ജാക്കറ്റിൽ മുന്‍പുണ്ടായിരുന്ന താമര ചിഹ്നത്തിനു പകരം കൈപ്പത്തി ചിഹ്നമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭിനന്ദൻ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്നുണ്ട്.