കോഴിക്കോട്: ശബരിമല തന്ത്രി നിയമോപദേശം തേടി തന്നെ ഫോണ് വിളിച്ചെന്ന മുൻ പരാമർശത്തിൽ മലക്കംമറിഞ്ഞ് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. നടയടക്കുന്നതു സംബന്ധിച്ചു തന്നെ വിളിച്ചില്ലെന്നു തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരിയെന്നും കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
നടയടയ്ക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്നു തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരി. കണ്ഠരര് രാജീവരുടെ പേര് ഞാൻ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താൻ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓർമയില്ല. ആ കുടുംബത്തിലെ മറ്റാരെങ്കിലുമാവാം. അന്നും ഞാൻ പറഞ്ഞത് അങ്ങനെയാണ്. പക്ഷേ എന്റെ വാക്കുകൾ ജനങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു- ശ്രീധരൻപിള്ള പറഞ്ഞു.
ശബരിമലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ച് നിയമോപദേശം തേടിയിരുന്നുവെന്നും നട അടയ്ക്കാൻ താൻ നിർദേശിച്ചെന്നുമായിരുന്നു ശ്രീധരൻപിള്ളയുടെ മുൻ പരാമർശം.
എന്നാൽ പിന്നാലെ പിള്ളയെ തള്ളി തന്ത്രി രംഗത്തെത്തി. താൻ ആരോടും ഫോണിൽ വിളിച്ചു നിയമോപദേശം തേടിയിട്ടില്ലെന്നായിരുന്നു തന്ത്രിയുടെ മറുപടി. ഇതിനു പിന്നാലെയാണ് മുൻനിലപാടിൽ മലക്കംമറിഞ്ഞ് ശ്രീധരൻപിള്ളയും രംഗത്തെത്തിയത്.