ഡെറാഡൂണ്‍: റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം കേദാർനാഥിനെതിരേ പ്രതിഷേധവുമായി ബിജെപി. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്നും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നും ആരോപിച്ചാണ് മുതിർന്ന ബിജെപി നേതാവ് അജേന്ദ്ര സിംഗ് ചിത്രത്തിനെതിരേ രംഗത്തെത്തിയത്. ബിജെപി മീഡിയ റിലേഷൻസ് ടീം അംഗമായ അജേന്ദ്ര സിംഗ് ഇക്കാര്യം ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂണ്‍ ജോഷിക്കു കത്തയച്ചു.
ചിത്രത്തിലെ നായികാ നായകൻമാരുടെ ചുംബനവും പോസ്റ്ററുകളിൽ പ്രണയം ഒരു തീർഥാടനം എന്നെഴുതിയതുമാണു പ്രതിഷേധത്തിനു കാരണമായി ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നത്. കേദാർനാഥ് കോടിക്കണക്കിനു ഹിന്ദു വിശ്വാസികളെ പ്രതിനിധീകരിക്കുന്നതിനാൽ ഇതു ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നും എന്തുകൊണ്ട് ഒരു ഹിന്ദു കഥാപാത്രത്തെ നായകനാക്കിയില്ലെന്നും അജേന്ദ്ര സിംഗ് കത്തിൽ ചോദിക്കുന്നു.
ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്ന ചിത്രം നിരോധിക്കണമെന്നും ഇല്ലെങ്കിൽ പ്രേക്ഷാഭമുണ്ടാക്കുമെന്നും കേദാർനാഥിലെ സന്യാസിമാരുടെ സംഘടനയായ കേദാർ സഭ ചെയർമാൻ വിനോദ് ശുക്ല നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.
സുശാന്ത് സിംഗ് രാജ്പുത്, സാറ അലി ഖാൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന കേദാർനാഥ് അഭിഷേക് കപൂറാണ് സംവിധാനം ചെയ്തത്. 2013-ൽ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണു കേദാർനാഥ് ഒരുക്കിയിരിക്കുന്നത്. മുസ്ലിം പോർട്ടറുടെയും ഹിന്ദു തീർഥാടകയുടെയും പ്രണയകഥയാണ് കേദാർനാഥെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട സൂചനകൾ.