തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നു കരകയറാന്‍ മുണ്ടുമുറുക്കി ഉടുക്കുകയാണെന്ന സര്‍ക്കാരിന്റെ അവകാശവാദം വെറും ഗീര്‍വാണം മാത്രമെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. പണമില്ലാത്തതിനാല്‍ പല പദ്ധതികളും ഇഴയുകയാണ്. എന്നിരുന്നാലും ഇഷ്ടക്കാരെ ജോലിയില്‍ തിരുകിക്കയറ്റി ശമ്പളം കൊടുക്കാനും രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള നിയമയുദ്ധം നടത്താന്‍ ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകരെ എത്തിക്കാനും സര്‍ക്കാരിന് യാതൊരു മടിയുമില്ല. ഇത്തരം ധൂര്‍ത്തു നടത്തിയിട്ടും സാമൂഹ്യനീതിയ്ക്കായി നിലകൊള്ളുന്നുവെന്ന് പറയുന്ന സര്‍ക്കാരിന് ഒരു സാധുവിനെ തല്ലിക്കൊന്ന കേസ് നടത്താന്‍ പണമില്ല. ഇക്കാരണം പറഞ്ഞ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന നിലപാട് കൈക്കൊണ്ടിരിക്കയാണ്.
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനമേറ്റു കൊല്ലപ്പെട്ട കേസിലാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. കൊല്ലപ്പെട്ട മധുവിന്റെ സഹോദരിക്ക് പൊലീസില്‍ സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു. എന്നാല്‍, കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കേസിലെ വിചാരണയുടെ കാര്യത്തിലാണ് കാശിന്റെ പേരു പറഞ്ഞ് സര്‍ക്കാറിന്റെ അലംഭാവം.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ സോളാര്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ വാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നു വരെ അഭിഭാഷകരെ ഉയര്‍ന്ന ഫീസ് നല്കി കൊണ്ടുവരുമ്പോഴാണു ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അഭിഭാഷകനെ ഒഴിവാക്കാനുള്ള തീരുമാനം എന്നതും ശ്രദ്ധേയമാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ 5 കേസുകളില്‍ വാദിക്കാന്‍ മാത്രം സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിനു ഫീസ് ഇനത്തില്‍ 2.59 കോടി ചെലവിട്ടതായി വിവരാകാശ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് സാഹചര്യം എന്നിരിക്കെയാണ് ആദിവാസി യുവാവിന്റെ കൊലപാതക കേസില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നത്.
മധുവിന്റെ കേസില്‍ സര്‍ക്കാരിനു വേണ്ടി മണ്ണാര്‍ക്കാട് എസ്സി/എസ്ടി സ്പെഷല്‍ കോടതിയിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാകും ഹാജരാകുക. ഈ കോടതിയിലെ വിവിധ കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നയാളാണ് ഇദ്ദേഹമെന്നതിനാല്‍ മധു കേസിലെ വിചാരണയ്ക്കു പ്രത്യേക ശ്രദ്ധ ലഭിക്കില്ലെന്ന കാര്യവും ഇതോടെ ഉറപ്പായി. നിരവധി പേര് പ്രതികളായ കേസില്‍ കുടുംബത്തിന് നീതി കിട്ടുമോ എന്നാണ് ഇനി അറിയേണ്ടത്. മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ദേശീയശ്രദ്ധ നേടിയതോടെയാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പട്ടികജാതി വര്‍ഗ, നിയമവകുപ്പ് മന്ത്രി എ.കെ.ബാലന് പ്രഖ്യാപിച്ചതും പിന്നീടു മന്ത്രിസഭ തീരുമാനമെടുത്തതും. ആദിവാസി സംഘടനകള്‍ ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
നിയമം വ്യവസ്ഥ ചെയ്യുന്നതു പ്രകാരമുള്ള ഫീസ് മുന്‍പു നിയമിച്ച അഭിഭാഷകന് അംഗീകരിക്കാത്തതു കൊണ്ടാണു റദ്ദാക്കുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍, സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയാണു ചെയ്തതെന്നും ഫീസ് എത്രയാണെന്നു വ്യക്തമാക്കിയിരുന്നില്ലെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരുന്ന പി.ഗോപിനാഥ് പറയുന്നു. താന്‍ പാലക്കാട്ടു താമസിക്കുന്നയാളായതിനാല്‍ കേസിന്റെ ആവശ്യത്തിനു മണ്ണാര്‍ക്കാട്ട് ഓഫിസ് വേണമെന്നു രേഖാമൂലം അഭ്യര്‍ത്ഥിച്ചിരുന്നു. നിയമനം റദ്ദാക്കിയെന്ന ഉത്തരവാണു പിന്നീടു ലഭിച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മുന്‍പും പല കേസുകളിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്തിട്ടുള്ളയാളാണ് ഇദ്ദേഹം.
കഴിഞ്ഞ ഫെബ്രുവരി 22ന് ആണു മധു കൊല്ലപ്പെട്ടത്. അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 16 പ്രതികള്‍ക്കും പിന്നീടു ജാമ്യം ലഭിച്ചിരുന്നു. വിചാരണ മണ്ണാര്‍ക്കാട് കോടതിയില്‍ ഉടന്‍ ആരംഭിക്കുമെന്നാണു സൂചന. അതേസമയം പുറമേ നിന്നും ലക്ഷങ്ങള്‍ മുടക്കി രാഷ്ട്രീയ താല്‍പ്പര്യമുള്ള കേസുകളില്‍ അഭിഭാഷകരെ ഹൈക്കോടതിയില്‍ എത്തിച്ചും മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശി കൊണ്ട് സുപ്രിംകോടതിയില്‍ പോയി തിരിച്ചടി നേരിട്ട സംഭവങ്ങളും നിരവധിയുണ്ട്. സെന്‍കുമാര്‍ കേസിലും, സ്വകാര്യ മെഡിക്കല്‍ മാനേജ്്മെന്റ് കേസിലും സംസ്ഥാന സര്‍ക്കാര്‍ ്സ്വയം വടി കൊടുത്ത് അടി വാങ്ങുകയാണ് ഉണ്ടായത്. ഈ കേസുകളിലെ തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്നും വക്കീല്‍ ഫീസ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. സാലറി ചലഞ്ച് കേസിലും സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിര്‍ത്തി വാദിച്ചപ്പോഴും സര്‍ക്കാറിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
നേരത്തെ സോളാര്‍കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായത് സുപ്രീംകോടതി അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ രഞ്ജിത്കുമാരായിരുന്നു. ഇദ്ദേഹത്തിന്റെ ഒരൊറ്റ ദിവസത്തെ സിറ്റിങ് ഫീസ് 20 ലക്ഷം രൂപയാണ്. വിമാനടിക്കറ്റും താമസ ചിലവും വേറെ.ഇത് വരെ നാല് ദിവസം രഞ്ജിത് കുമാര്‍ കോടതിയില്‍ ഹാജരായി. അതായത് ഹൈക്കോടതിയിലെ മുഴുവന്‍ സര്‍ക്കാര്‍ അഭിഭാഷകരുടെയും ശരാശരി ശമ്പളത്തിന് തുല്യമായത് ഒരൊറ്റ കേസില്‍ ഒരു അഭിഭാഷകന് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത്.ഹാരിസണ്‍ കേസില്‍ ജയദീപ് ഗുപ്ത, ലോട്ടറിക്കേസില്‍ പല്ലവ് സിസോസിദ, രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍, അഡ്വ. ഹരണ്‍ പി റാവല്‍. ഏറ്റവും ഒടുവില്‍, ഷുഹൈബ് കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് തടയിടാനും സര്‍ക്കാര്‍ ആശ്രയച്ചത് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര ശരണിനെ ആയിരുന്നു. ഇവരുടെയെല്ലാം ഒരു ദിവസത്തെ സിറ്റിങ് ഫീസ്10 മുതല്‍ 25 ലക്ഷം വരെ. 140 സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ശമ്പളം കൊടുക്കുമ്പോഴാണ് വന്‍തുക നല്കി പുറത്ത് നിന്നുള്ള ഇറക്കുമതി. ഇതിന് പുറമെ നിയമോപദേശങ്ങള്‍ക്കായി ഒഴുക്കുന്ന ലക്ഷങ്ങള്‍ വേറെയും. കാര്യങ്ങളിങ്ങനെയൊക്കെയായിരിക്കെയാണ് മധുവിന്റെ കേസില്‍ സര്‍ക്കാരിന്റെ ചിലവുചുരുക്കല്‍.