കോട്ടയം: ടയറും ഡീസലും സ്പെയർപാർട്സുമില്ലാത്തതിനാൽ കെഎസ്ആർടിസിയുടെ മണ്ഡലകാല സർവീസ് ഇഴയുമെന്ന് ആശങ്ക. വിവിധ ഡിപ്പോകളിൽ നിന്നു കോട്ടയത്ത് എത്തിക്കുന്ന ബസുകൾ മെച്ചപ്പെട്ട ടയറുകളിട്ടു വരാൻ നിർദേശമുണ്ട്.
എന്നാൽ കോട്ടയത്ത് സ്പെഷൽ സർവീസിന് അയയ്ക്കുന്ന ബസുകൾക്ക് വേണ്ടിടത്തോളം ടയറുകളില്ല. പുതിയ ടയറുകൾ ഒരു മാസമായി കോട്ടയത്ത് ലഭിക്കുന്നില്ല. അടുത്തയിടെ ബോഡി ചെയ്തു വന്ന ബസുകളിൽ ഒഴികെ തേഞ്ഞ ടയറുകളാണ് ഏറെയും.
കോട്ടയത്ത് അധികമായി എത്തുന്ന 50 ബസുകൾക്കുള്ള ഡീസൽ ക്വോട്ട പ്രത്യേകമായി എത്തിയില്ലെങ്കിൽ സർവീസ് മുടങ്ങും. നിലവിൽ കുമളി, ചെങ്ങന്നൂർ, മല്ലപ്പള്ളി ഡിപ്പോ ബസുകളും കോട്ടയത്താണ് ഇന്ധനം നിറയ്ക്കുന്നത്. ശബരിമല സ്പെഷൽ സർവീസ് ബസുകൾക്ക് ദിവസം 1500 ലിറ്റർ ഡീസൽ അധികമായി ലഭിക്കണം.
സ്പെയർ പാർട്സുകളുടെ ക്ഷാമവും കോട്ടയത്ത് രൂക്ഷമാണ്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ശബരിമല സ്പെഷൽ ബസുകൾ പാർക്കു ചെയ്യാനും വിരിപ്പന്തൽ തയാറാക്കാനും സൗകര്യമില്ലെന്നതും നിലവിൽ പരമിതിയാണ്.
കെഎസ്ആർടിസി സർവീസ് 14 മുതൽ
കോട്ടയം: മണ്ഡലകാലം പ്രമാണിച്ച് കെഎസ്ആർടിസി എരുമേലി, നിലയ്ക്കൽ റൂട്ടുകളിൽ കോട്ടയത്തുനിന്നു 14 മുതൽ സ്പെഷൽ സർവീസ് തുടങ്ങും. ഒന്നാംഘട്ടമായി നാളെ 10 ബസുകളും 14ന് 15 ബസുകളും 24ന് 15 ബസുകളും വിവിധ ഡിപ്പോകളിൽനിന്ന് കോട്ടയത്തെത്തും. കോട്ടയം ഡിപ്പോയിൽനിന്നും റെയിൽവെ സ്റ്റേഷനിൽനിന്നും രാപകൽ സർവീസുണ്ടായിരിക്കും. സ്പഷൽ ബസുകളിൽ സാധാരണ യാത്രക്കാർക്കും യാത്ര അനുവദിക്കും.