ആലത്തൂര്‍: അമ്പതിലധികം വീടുകളില്‍ മോഷണം നടത്തിയ തസ്‌കരദമ്പതികള്‍ ഒടുവില്‍ കുടുങ്ങി.ഏഴുവര്‍ഷമായി കാവശ്ശേരി വാവുള്ള്യാപുരം മണലാടിക്കുഴിയില്‍ താമസിക്കുന്ന പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജ് (പൂച്ചാണ്ടി-43), ഭാര്യ ശാന്തിമോള്‍ (27) എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലും കേരളത്തിലുമായി അമ്പതോളം മോഷണക്കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
കാവശ്ശേരി കഴനിചുങ്കത്തെ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസില്‍നിന്ന് ടെലിവിഷന്‍, അത്തിപ്പൊറ്റ വിചിത്രയില്‍ കുമരപ്പന്റെ വീട്ടില്‍നിന്ന് വീട്ടുപകരണങ്ങള്‍ എന്നിവ മോഷ്ടിച്ചത് ഇവരാണെന്ന് സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. കാവശ്ശേരി വടക്കേനട ദേവീകൃപയില്‍ സുന്ദരേശന്റെ വീട്, സമീപത്തെ പെട്ടിക്കട, കാവശ്ശേരി നവനീതത്തില്‍ രാധാകൃഷ്ണന്റെ വീട്, പഞ്ചായത്തോഫീസിന് സമീപം മണി, സുധാകരന്‍ എന്നിവരുടെ കടകള്‍, പെട്രോള്‍ പമ്പിന് സമീപം കൃഷ്ണദാസിന്റെ വീട്, സുകുമാരന്റെ വീട് എന്നിവിടങ്ങളില്‍ മോഷണശ്രമം നടത്തി.
നാല് ബൈക്കുകള്‍, ആറ് ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് നാല് മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിച്ചതും തെളിഞ്ഞു. മലപ്പുറം മഞ്ചേരി, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ്, പാലക്കാട് സൗത്ത് എന്നീ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുണ്ട്. പകല്‍ സമയത്ത് അടച്ചിട്ട വീടുകള്‍ നോക്കിവച്ച ശേഷം രാത്രിയില്‍ അവിടെ കയറുന്നതായിരുന്നു ഇവരുടെ രീതി.വീട്ടുകാര്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് എന്തെങ്കിലും ആവശ്യത്തിനോ ബന്ധുവീട്ടിലോ പോകുന്ന അവസരമാണ് മുതലാക്കുക. ഇരുവരും ബൈക്കില്‍ കറങ്ങി നടന്ന് ഇത്തരം വീട് കണ്ടുവെക്കും. രാത്രിയില്‍ പൂട്ടുപൊളിച്ച് അകത്തു കടന്ന് സാധങ്ങള്‍ വലിച്ചുവാരി പരിശോധിച്ച് വിലപിടിപ്പുള്ളതുമാത്രം തിരഞ്ഞെടുക്കും. മോഷണത്തിന് പുറത്തുനിന്നുള്ള കൂട്ടാളികളെ ആശ്രയിക്കാത്തതിനാല്‍ രഹസ്യം ചോരുകയുമില്ല.
കാവശ്ശേരി പ്രദേശത്തെ ആളുകളില്ലാത്ത വീടുകളില്‍ അടുത്തിടെ തുടര്‍ച്ചയായി സമാനരീതിയില്‍ മോഷണം നടന്നതാണ് പ്രതികളെ കുടുക്കിയത്. പ്രാദേശികമായി സ്ഥലപരിചയമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ദമ്പതിമാരിലെത്തിയത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിന് സമീപം ഡോക്ടര്‍മാരെ വീടുകളില്‍ കാണാനെത്തുന്നവരുടെ ബൈക്ക് മോഷ്ടിക്കുന്നതായിരുന്നു മറ്റൊരു രീതി. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.