മുംബൈ: മോദി സർക്കാരിന്റെ വിള ഇൻഷ്വറൻസ് പദ്ധതിയായ പ്രധാൻമന്ത്രി ബീമ ഫസൽ യോജന റഫാൽ ഇടപാടിനേക്കാൾ വലിയ അഴിമതിയാണെന്നു മുതിർന്ന മാധ്യമപ്രവർത്തകനും കാർഷിക അവകാശ പ്രവർത്തകനുമായ പി.സായ്നാഥ്. കിസാൻ സ്വരാജ് സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവെയായിരുന്നു സായ്നാഥിന്റെ ആരോപണമെന്നു ദി വീക്കെൻഡ് ലീഡർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്രം ഇപ്പോൾ ഭരിക്കുന്ന സർക്കാരിന്റെ നയങ്ങൾ കർഷകർക്ക് എതിരാണ്. പ്രധാൻമന്ത്രി ബീമ ഫസൽ യോജന റഫാൽ ഇടപാടിനേക്കാൾ വലിയ അഴിമതിയാണ്. തെരഞ്ഞെടുക്കപ്പെട്ട കോർപറേറ്റ് കന്പനികളായ റിലയൻസ്, എസ്സാർ എന്നിങ്ങനെയുള്ളവർക്കാണു വിള ഇൻഷ്വറൻസ് നൽകേണ്ടതിന്റെ ചുമതല.
മഹാരാഷ്ട്രയിൽ 2.8 ലക്ഷം കർഷകർ സോയബീൻ കൃഷി ചെയ്യുന്നുണ്ട്. ഒരു ജില്ലയിൽ മാത്രം പ്രധാൻമന്ത്രി ബീമ ഫസൽ യോജനയിൽ ഉൾപ്പെട്ട കർഷകർ 19.2 കോടി രൂപ പ്രീമിയം അടയ്ക്കുന്നു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പദ്ധതിയിലേക്ക് 77 കോടി രൂപ വീതം നൽകുന്നുണ്ട്. ഇങ്ങനെ ആകെ 173 കോടി രൂപയാണ് റിലയൻസ് ഇൻഷ്വറൻസിലേക്ക് അടയ്ക്കുന്നത്- സായ്നാഥ് പറഞ്ഞു.
വിള നശിച്ചു, കന്പനി കർഷകർക്ക് നാശനഷ്ടം നൽകി. 30 കോടി രൂപയാണ് ഇതിനായി റിലയൻസിനു ചെലവുവന്നത്. ബാക്കിയുള്ള 143 കോടി രൂപ ഒരു രൂപ പോലും നിക്ഷേപം നടത്താതെ കന്പനിക്കു ലാഭമായി ലഭിക്കുന്നു. ഇത് ഒരു ജില്ലയിലെ മാത്രം കാര്യമാണ്. മറ്റു ജില്ലകളിലെ കൂടി കണക്കെടുത്താൽ തുക എത്രയാകുമെന്നു പരിശോധിക്കൂ- സായ്നാഥ് പറയുന്നു.
കഴിഞ്ഞ ഇരുപത് വർഷമായി ഓരോ ദിവസവും 2,000 കർഷകർ കാർഷികവൃത്തി ഉപേക്ഷിക്കുന്നു. ഭൂമി കൈവശമുള്ള 86 ശതമാനം കർഷകരും പാട്ടത്തിനെടുത്തു ചെയ്യുന്ന 80 ശതമാനം കർഷകരും കടത്തിലാണ്. സർക്കാരിനു കർഷക ആത്മഹത്യയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ താൽപര്യമില്ല. എന്നാൽ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1995-2015 വരെയുള്ള കാലയളവിൽ ജീവനൊടുക്കിയത് 3.10 ലക്ഷം കർഷകരാണെന്നും സായ്നാഥ് കൂട്ടിച്ചേർത്തു.