തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ കാറിനു മുന്പിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിലുണ്ടെന്നു സ്ഥിരീകരിച്ച് പോലീസ്. ഹരികുമാർ കൃത്യമായ ഇടവേളകളിൽ താവളം മാറുകയാണെന്നും മൊബൈൽ ഫോണുകൾ ഇടയ്ക്കിടെ ഓണ്‍ ആക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെകൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയാണ് പിടിയിലായത്. ഡിവൈഎസ്പിക്കും ബിനുവിനും രക്ഷപ്പെടാൻ ആദ്യം കാർ ഏർപ്പാടാക്കിയത് അനൂപാണ്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് മാനേജർ സതീഷ് കുമാറിനെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കൊലപാതകത്തിനു ശേഷം ഹരികുമാർ രക്ഷപ്പെട്ട വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐജി എസ്.ശ്രീജിത്ത് നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് നേരത്തെ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.
ഇക്കഴിഞ്ഞ, തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ മണലൂർ സ്വദേശി സനൽകുമാർ മറ്റൊരു വാഹനമിടിച്ചു മരിക്കുകയായിരുന്നു. രാത്രി ഒന്‍പതരയ്ക്കു കൊടങ്ങാവിള ജംഗ്ഷനിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലി ഡിവൈഎസ്പി ഹരികുമാറും സനൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ഹരികുമാർ സനലിനെ പിടിച്ചുതള്ളി. പിറകിലേക്ക് ആഞ്ഞ സനലിനെ അതുവഴിയെത്തിയ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
സംഭവത്തിൽ ഹരികുമാറിനെതിരേ കൊലക്കുറ്റത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. വാഹനമിടിച്ച് നിലത്തുവീണ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഡിവൈഎസ്പി തയാറായില്ലെന്ന് ആക്ഷേപമുണ്ട്.