തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാലയിലെ പദവി രാജിവച്ചു. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായിരുന്നു ജൂബിലി. തന്നേയും സുധാകരനേയും അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
സുധാകരന്റെ സൽപ്പേരിന് കളങ്കമേൽപ്പിക്കാൻ ചിലർ നീക്കം നടത്തുന്നുവെന്നും അവർ പറഞ്ഞു. അദ്ദേഹം കണ്ണിലെ കൃഷ്ണമണിപ്പോലെ സൂക്ഷിക്കുന്നതാണ് സൽപ്പേര്. അത് നശിപ്പിക്കാൻ ആരേയും അനുവദിക്കില്ല. തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വർധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ലായിരുന്നുവെന്നും നവപ്രഭ പറഞ്ഞു.
നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറായാണ് നിയമിച്ചത്. ഇതിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവര്‍ക്കുവേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.
ഏഴ് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററുകൾ, പത്തു ബിഎഡ് സെന്ററുകൾ, 29 യുഐടികള്‍ എന്നിവയാണ് കേരള സര്‍വകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആന്‍ഡ് എഡ്യൂക്കേഷനു കീഴിലാണിവയുടെ പ്രവര്‍ത്തനം.