കണ്ണൂർ: റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നവർ ജീവൻ രക്ഷാ ആപ്വഴി ആംബുലൻസിനെ വിളിക്കുകയാണു ആദ്യം ചെയ്യേണ്ടതെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം. ലൂബ്നാഥ് ഷാ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആര്യബന്ധു പുരസ്കാരം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.പി.എസ്. ഹെൽത്ത് കെയർ ചെയർമാനും എംഡിയുമായ ഡോ. ഷംസീർ വയലിലിന് സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവാക്കൾ നല്ല വിദ്യാഭ്യാസയോഗ്യതയുള്ളവരും കർമശേഷിയുള്ളവരുമാണെങ്കിലും റോഡപകടങ്ങളെക്കുറിച്ചും തുടർനടപടികളെക്കുറിച്ചും അവർക്ക് നല്ല പരിശീലനം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആയിരത്തിമുന്നൂറോളം വാഹനങ്ങൾ ദിനംപ്രതി നിരത്തിലിറങ്ങുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് കേരളത്തിലാണ്. അപകടങ്ങളിൽ കൂടുതൽ മരിക്കുന്നതാകട്ടെ യുവാക്കളുമാണ്.
റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചാൽ ആദ്യം അവർക്ക് ചികിത്സയാണു നൽകേണ്ടത്. അല്ലാതെ ആശുപത്രിയിൽ എത്തിച്ചവരെ പോലീസ് ചോദ്യംചെയ്യുകയല്ല വേണ്ടത്. ആശുപത്രിയിൽ എത്തിക്കുന്നവർക്കെതിരേ അനാവശ്യമായി കേസെടുക്കാനും ചോദ്യംചെയ്യാനും അനുവദിക്കില്ല. ഇക്കാര്യങ്ങൾ ഡിജിപിയുമായി ചർച്ചചെയ്തിട്ടുണ്ട്.
കേരളം നിപ്പാ വൈറസിന്റെ ഭയത്തിൽപ്പെട്ടപ്പോഴും പ്രളയം വന്നപ്പോഴും ഡോ. ഷംസീർ വയലിൽ കേരളത്തിനു ചെയ്ത സഹായം വളരെ വലുതാണ്. ബിസിനസിൽ ഇനിയും ഉയർച്ച ഉണ്ടാകട്ടെയെന്നും അതുവഴി സമൂഹത്തിൽ ഇനിയും ജീവകാരുണ്യ പ്രവർത്തനം നടത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നതോടൊപ്പം കണ്ണൂരിലേക്ക് വീണ്ടും വരുമെന്നും കണ്ണൂർ എയർപോർട്ടിന്റെ ഉദ്ഘാടനത്തിന് വീണ്ടും കാണാമെന്നും പറഞ്ഞാണ് ഗവർണർ പ്രസംഗം അവസാനിപ്പിച്ചത്.
വികസനപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് മികച്ച മാർഗനിർദേശമാണ് ഗവർണർ നൽകുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തവേ പ്രസ്താവിച്ചു. സംസ്ഥാനസർക്കാരിന് ഗവർണർ നൽകുന്ന പിന്തുണ ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ലൂബ്നാഥ് ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മൊബൈൽ ആപ്പും ഗവർണർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി, മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ട്രസ്റ്റ് ചെയർമാൻ എൻ.പി. ഷാഹിൻ, സി.എച്ച്. അബൂബക്കർഹാജി എന്നിവർ പ്രസംഗിച്ചു.