ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍! പട്ടേല്‍ പ്രതിമ കാണാനുള്ള സന്ദര്‍ശകരുടെ ഒഴുക്ക് നിയന്ത്രിക്കാനാവന്നില്ല; ശനിയാഴ്ച മാത്രം എത്തിയത് 27,000 ആളുകള്‍; വരുമാനവും കുത്തനെ ഉയരുന്നു

പ്രതിമ പണിതപ്പോള്‍ ബിജെപി സര്‍ക്കാരോ നരേന്ദ്രമോദിയോ പോലും ഇത്രയും പ്രതീക്ഷിച്ചു കാണില്ല. കാരണമെന്തെന്നല്ലേ, ഗുജറാത്തില്‍ പണിതുയര്‍ത്തിയ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍.

ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ പണിതുയര്‍ത്തിയ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാന്‍ ശനിയാഴ്ച മാത്രം 27, 000 പേരാണ് എത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍ പേര്‍ പ്രതിമ കാണാനെത്തിയ ദിവസമെന്ന റെക്കോര്‍ഡും നവംബര്‍ പത്തിനാണ്.

എന്നാല്‍ ഈ തിരക്ക് ഗുജറാത്ത് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിമയ്ക്ക് അകത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈ സ്പീഡ് ലിഫ്റ്റിന് ഒരു ദിവസം 5000 പേരെ മാത്രമേ പ്രതിമയുടെ മുകളിലെ വ്യൂവേര്‍സ് ഗാലറിയിലേക്ക് കൊണ്ടുപോകാന്‍ പറ്റൂ.

ശനിയാഴ്ചയെത്തിയ 22,000 പേരും വ്യൂവേഴ്‌സ് ഗാലറിയില്‍ കയറാന്‍ സാധിക്കാതെ നിരാശയോടെ മടങ്ങുകയായിരുന്നു. ഇതു കണക്കിലെടുത്ത് പ്രതിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

സന്ദര്‍ശകരുടെ എണ്ണവും വരുമാനവും ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുക്കൂട്ടല്‍. പ്രതിമ കാണാന്‍ മൂന്ന് വയസുവരെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. 15 വയസ് വരെ 200 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മുതിര്‍ന്നവര്‍ക്ക് പ്രവേശനത്തിന് 350 രൂപ നല്‍കണം.

Related posts