ലോകത്തെ ഏറ്റവും വലിയ പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ കാണാന്‍ ആളുകളുടെ കുത്തൊഴുക്ക്. ഗുജറാത്തിലെ നര്‍മ്മദാജില്ലയില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ കാണാന്‍ ഞായറാഴ്ച വരെ എത്തിയത് 27,000 പേര്. കേവാദിയയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം സ്ഥാപിച്ചിരിക്കുന്ന 182 മീറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍ പ്രതിമ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി അനാഛാദനം ചെയ്ത പ്രതിമ നവംബര്‍ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
ദീപാവലി അവധി കിട്ടിയതോടെ ഇവിടേക്ക് ആള്‍ക്കാരുടെ പ്രവാഹമാണെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിമയ്ക്കുള്ളില് 135 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്യാലറി ദിവസവും സന്ദര്‍ശിച്ചത് 5,000 പേരാണ്. ഹൈസ്പീഡ് ലിഫ്റ്റ് സംവിധാനത്തിലൂടെയാണ് ആള്ക്കാര് ഇവിടേക്ക് പ്രവേശിക്കുന്നത്. ഒരുസമയം 200 പേര്‍ക്ക് ഇവിടെ എത്താനാകും. ടൂറിസം വികസനം ലക്ഷ്യമിട്ട് ഇവിടേയ്ക്കുള്ള ബസുകളുടേയും ബോട്ടുകളുടെയും എണ്ണം 15 ല്‍ നിന്നും 40 ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം ഏകതാപ്രതിമയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ശേഷിക്ക് അനുസരിച്ച് ആയിരിക്കണം ടൂറിസത്തിന്റെ സമയവും മറ്റും തീരുമാനിക്കാനെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ക്കായി തിങ്കളാഴ്ച അടച്ചിടുമെന്നും പറയുന്നു. നിരീക്ഷണ നിലയിലേക്ക് ആള്‍ക്കാരെ എത്തിക്കാന്‍ ദിവസം 5000 പേരെ വഹിക്കാന്‍ കഴിയുന്ന രണ്ടു ലിഫ്റ്റുകളാണ് ഉള്ളത്. ഒരേസമയം ജനങ്ങളുടെ എണ്ണം പരിധിവിട്ടുപോകാതെ നിയന്ത്രിക്കുന്നുണ്ട്. പ്രതിമയ്ക്ക് പുറമേ സന്ദര്‍ശക കേന്ദ്രം, സുവനീര്‍ ഷോപ്പ്, പ്രദര്‍ശനഹാള്‍, വ്യൂവിംഗ് ഗാലറി എന്നിവയാണ് മറ്റ് ആകര്‍ഷണീയതകള്‍. പ്രതിമയുടെ വ്യൂവിംഗ് ഗാലറിയ്ക്ക് 350 രൂപയും കുട്ടികള്‍ക്ക് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്.