കോഴിക്കോട്ട്: ശബരിമല സന്നിധാനത്ത് വനിതാ പോലീസുകാരുടെ ജനന തീയതി പരിശോധിച്ചുവെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. ചിത്തിര ആട്ട വിശേഷത്തിനു സാന്നിധാനത്ത് എത്തിയ വനിതാ പോലീസുകാരുടെ പ്രായം പരിശോധിച്ചുവെന്നാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. മുതലക്കുളത്തെ ശബരിമല സംരക്ഷണ സംഗമത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
സന്നിധാനത്ത് എത്തിയ 15 വനിതാ പോലീസുകാരിൽ ഒരാളുടെ പ്രായത്തിൽ സംശയമുണ്ടായിരുന്നു. ഒരു വനിതാ പോലീസിന്റെ ഭർത്താവിന് 49 വയസായിരുന്നു പ്രായം. ഇത് സംശങ്ങൾക്ക് ഇടയാക്കിയത്. ഇതേതുടർന്നു ശബരിമലയിലുണ്ടായിരുന്ന എസ്പിമാരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നുവെന്നും പിന്നീട് അവരുടെയെല്ലാം ജനനതീയതി പരിശോധിച്ചശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടതെന്നുമാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ.
ഹിന്ദു സമൂഹത്തിന്റെ സംഘടിത ശക്തിക്ക് എന്തെല്ലാം നേടാൻ സാധിക്കുമോ അത് ഇതിലൂടെ സാധിച്ചുവെന്നും തില്ലങ്കേരി കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെത്തിയ യുവതികളെ നേരത്തെ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും വിവാദാമായിരുന്നു.