ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത് നാലു കോടി പോണ്‍സൈറ്റുകള്‍; നിരോധിച്ച 827ല്‍ പലതും ഇപ്പോള്‍ സമാന്തര മാര്‍ഗത്തിലൂടെ ലഭിക്കുന്നുണ്ടുതാനും; പോണ്‍സൈറ്റ് നിരോധനം അപഹാസ്യമാകുമ്പോള്‍…

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെയും കോടതി ഉത്തരവുകളുടെയും പിന്‍ബലത്തോടെ ടെലികോം കമ്പനികള്‍ പോണ്‍സൈറ്റുകള്‍ നിയന്ത്രിച്ചത്. ഉത്തരവ് നടപ്പാക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇത് വേണ്ടത്ര ഫലപ്രദമായില്ലെന്നതാണ് യാഥാര്‍ഥ്യം.

ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം നാലു കോടി പോണ്‍വെബ്‌സൈറ്റുകളും ബ്ലോഗുകളും ലഭിക്കുന്നുണ്ടെന്നാണ്. എല്ലാം വിദേശരാജ്യങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്നതാണ്. പുതിയ നടപടിയുടെ ഭാഗമായി വിലക്കിയത് കേവലം 827 വെബ്‌സൈറ്റുകള്‍ മാത്രം. ഇതില്‍ തന്നെ മുന്‍നിര വെബ്‌സൈറ്റായ പോണ്‍ഹബ് തന്നെ മിറര്‍ വെബ്‌സൈറ്റും അവതരിപ്പിച്ചു ബ്ലോക്കിനെ മറികടന്നു. ഒരു മാറ്റവും സംഭവിക്കാതെ എല്ലാ വിഡീയോകളും ചിത്രങ്ങളും പുതിയ മിറര്‍ വെബ്‌സൈറ്റിലും പോണ്‍ഹബ് ലഭ്യമാക്കുന്നു. മറ്റൊരു പ്രമുഖ പോണ്‍സൈറ്റായ എക്‌സ് വീഡിയോസിന്റെ കാര്യവും ഇതു തന്നെ.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ നിരോധനം പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് പോണ്‍ കാണുന്നവരില്‍ ഒരു കുറവും വന്നിട്ടില്ലെന്നാണ് അറിയുന്നത്. പൂര്‍ണമായ ഒരു നിരോധനത്തിന് ടെലികോം കമ്പനികളും മുന്നിട്ടിറങ്ങില്ല. കാരണം രാജ്യത്തെ പോണ്‍വെബ്‌സൈറ്റുകള്‍ പൂര്‍ണ്ണമായും വിലക്കിയാല്‍ ഡേറ്റാ ഉപയോഗം കുത്തനെ കുറയും. ഇതോടെ വരുമാനത്തില്‍ വലിയ ഇടിവു നേരിടുമെന്ന് അവര്‍ക്ക് ശരിക്കുമറിയാം. അതിനാല്‍ തന്നെ ഇപ്പോള്‍ വിലക്കിയ വെബ്‌സൈറ്റുകള്‍ റീലോഡിംഗില്‍ ലഭ്യമാക്കിയിട്ടുള്ളതും ഈയൊരു കാര്യം മുമ്പില്‍ കണ്ടുതന്നെയാണ്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഇപ്പോഴത്തെ നീക്കം. ഉത്തരാഖണ്ഡില്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ടത്. ആദ്യം പോണ്‍നിരോധനം നടപ്പാക്കിയത് ജിയോ ആയിരുന്നു. എന്നാല്‍ അതിനു പിന്നാലെ മറ്റുകമ്പനികളും പദ്ധതി നടപ്പിലാക്കി. എന്നാല്‍ ആദ്യത്തെ നിയന്ത്രണം ജിയോയ്ക്ക് ഇപ്പോള്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ആദ്യ സേര്‍ച്ചിംഗില്‍ ബ്രൗസ് ചെയ്യാന്‍ കഴിയാത്ത പോണ്‍സൈറ്റുകള്‍ റീലോഡിംഗില്‍ ലഭ്യമാക്കുക എന്ന തന്ത്രമാണ് ജിയോ ഇപ്പോള്‍ പയറ്റുന്നത്.

857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ വിഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബര്‍ 27നാണ് കോടതി ഉത്തരവ് വന്നത്. ഈ നിര്‍ദേശം ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിരുന്നു. നിരോധനത്തിന്റെ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ തീരുമാനം പരാജയമായതായി തെളിയിക്കുന്നതാണ് കണക്കുകള്‍. കടലില്‍ നിന്ന് ഒരു കപ്പ് വെള്ളം കോരിയാല്‍ കടല്‍ വറ്റുമെന്ന മിഥ്യാധാരണയായേ ഈ നിരോധനത്തെ കണക്കാക്കാനാവൂ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Related posts