ഹരിപ്പാട്: പ്രളയദുരിതത്തിൽ താറാവുകൾ നഷ്ടമായതായി വ്യാജരേഖയുണ്ടാക്കി നഷ്ടപരിഹാരം തട്ടാൻ ശ്രമം നടക്കുന്നതായി ആരോപണം. അപ്പർ കുട്ടനാടൻ പ്രദേശങ്ങളിലാണ് വൻകിട താറാവ് കർഷകർ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വൻതോതിൽ പണം തട്ടാനുള്ള ശ്രമം നടത്തുന്നതായി ആരോപണം ഉയരുന്നത്. യഥാർഥത്തിൽ പ്രളയത്തിൽ താറാവുകൾ കാര്യമായി നഷ്ടപ്പെട്ടിരുന്നില്ലത്രേ.
പ്രളയസമയത്ത് തമിഴ്നാട്ടിൽ താറാവ് തീറ്റൽ സീസണ് തുടങ്ങിയിരുന്നതിനാൽ മേഖലയിലെ താറാവുകളെ വൻതോതിൽ തമിഴ്നാട്ടിലേക്ക് കയറ്റിവിട്ട താറാവ് കർഷകരാണിപ്പോൾ നഷ്ടപരിഹാരത്തിനു ശ്രമിക്കുന്നതെന്നാണ് ആക്ഷേപമുള്ളത്. ചില ചെറുകിട താറാവ് കർഷകർക്ക് മാത്രമാണ് ചെറിയ തോതിലെങ്കിലും നഷ്ടം സംഭവിച്ചത്.
മുന്പു പലപ്പോഴും പക്ഷിപ്പനിയും, താറാവ് വസന്തയും മറ്റും വന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോൾ മൃഗസംരക്ഷണ ഉദ്യോഗസ്ഥരും വൻതോതിൽ താറാവ് കൃഷി നടത്തുന്ന കർഷകരും ചേർന്നു ലക്ഷക്കണക്കിനു രൂപയാണ് അനധികൃതമായി സർക്കാരിൽനിന്നും കൈപ്പറ്റിയത്.
ഏറെ വിവാദമായ ഈ വിഷയത്തിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. ഇതു കൂടാതെ തമിഴ്നാട്ടിൽനിന്ന് അവിടുത്തെ വൻകിട താറാവ് കർഷകരിൽനിന്നും ആയിരക്കണക്കിനു താറാവുകളെ സംസ്ഥാനത്ത് പുഞ്ചക്കൊയ്ത്തുകാലത്ത് തീറ്റാനായി കരാറെടുത്തു കൊണ്ടുവരുന്നവർ വ്യാജരേഖ ചമച്ച് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് ഈ മേഖലയിൽ സാധാരണമാണ്.
ഇതിനു പിന്നിലും ഉദ്യോഗസ്ഥരും കർഷകരുമടങ്ങുന്ന റാക്കറ്റ് തന്നെയാണ് പ്രവർത്തിക്കുന്നതെന്നാണ് അറിവ്. മേഖലയിലെ ഹാച്ചറി ഉടമകളും ഇതേപോലെ താറാവിൻ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടു എന്നു കാട്ടി പലപ്പോഴായി സർക്കാരിൽനിന്നും പണം അനധികൃതമായി കൈപ്പറ്റിയിട്ടുണ്ട്. നേരത്തെ ഉണ്ടായ ആരോപണങ്ങളുടെ വെളിച്ചത്തിൽ താറാവ് കർഷകരുടെ നഷ്ടപരിഹാരം സംബന്ധിച്ച് വിശദമായ പഠനത്തിനു മൃഗസംരക്ഷണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വകുപ്പുമന്ത്രി കെ. രാജു ചുമതലപ്പെടുത്തിയതായിട്ടാണ് അറിവ്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന താറാവ് ഹാച്ചറികൾ നിലവിൽ ഏതു വകുപ്പിന്റെ പരിധിയിലാണെന്നു വ്യക്തതയില്ലാത്ത അവസ്ഥയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസിന്റെ മാത്രം പിൻബലത്തിൽ പ്രവർത്തിക്കുന്ന താറാവ് ഹാച്ചറികൾ യഥാർഥത്തിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിലാണു പ്രവർത്തിക്കേണ്ടത്. സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ല നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതടക്കം 13 ഹാച്ചറികളാണ് ഉള്ളത്.
ഇവയെല്ലാം പള്ളിപ്പാട് ചെന്നിത്തല, നിരണം പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഹാച്ചറികൾ പുറംതള്ളുന്ന ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുവാൻപോലും ഹാച്ചറികളോടനുബന്ധിച്ച് സംവിധാനമില്ല. ഇവിടെ ജോലിചെയ്യുന്ന അതിഥിത്തൊഴിലാളികൾക്ക് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും ഉടമകൾ ഒരുക്കിയിട്ടില്ല. സർക്കാർ ഹാച്ചറിയിൽ ഒരുക്കിയിട്ടുള്ള എല്ലാ സുരക്ഷാമുൻകരുതലുകളും സ്വകാര്യ ഹാച്ചറികൾക്കും ബാധകമാക്കണമെന്ന ആവശ്യവും ശക്തമാണ്.