വൈപ്പിൻ: ഇടത് സർക്കാരിന്റെ രണ്ടാമത്തെ ബജറ്റിൽ വൈപ്പിൻ മണ്ഡലത്തിനായി നീക്കിവെച്ച 75 കോടി രൂപയുടെ വൈപ്പിൻ തീരദേശ ഹൈവേ പദ്ധതി ഉപേക്ഷിച്ചു. സർക്കാർ ഏറെ കൊട്ടിഘോഷിച്ച ഈ പദ്ധതിയുടെ സർവേയും മണ്ണു പരിശോധനയും അലൈൻമെന്റ് നിർണയവുമെല്ലാം പൂർത്തിയായതാണ്. ഇരുവശങ്ങളിലും ഡ്രൈനേജും നടപ്പാതയുമുൾപ്പെടെ 10 മീറ്റർ വീതിയിൽ റോഡ് നിർമിക്കാനായിരുന്നു പൊതുമരാമത്തിന്റെ നീക്കം.
എസ്റ്റിമേറ്റ് പൂർത്തിയായപ്പോൾ പദ്ധതി തുക 130 കോടിയായി ഉയരുകയും ചെയ്തു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് ഘട്ടംഘട്ടമായി നിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ പാതയ്ക്ക് 12 മീറ്റർ വീതിവേണമെന്ന കാരണത്താലാണ് ഇടക്കാലത്ത് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതാണ് സ്ഥലം എംഎൽഎ എസ് .ശർമയുടെ വിശദീകരണം.
12 മീറ്ററിൽ പാത നിർമിക്കുന്പോൾ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുകയും 23 കിലോമീറ്ററിനുള്ളിൽ നിന്നും 240 മത്സ്യത്തൊഴിലാളികുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ വാഹനക്കുരുക്ക് മൂലം അപകടമേഖലയായി മാറിയ വൈപ്പിൻ സംസ്ഥാനപാതയ്ക്ക് സമാന്തരമായി വീതിയുള്ള മറ്റൊരു പാതവരുമെന്ന് സ്വപ്നം കണ്ടിരുന്ന വൈപ്പിൻ നിവാസികൾക്ക് അത് കടുത്ത തിരിച്ചടിയായി.
ഇപ്പോൾ ഇതിനു ബദലായി എട്ട് മീറ്റർ വീതിയുള്ള ലിങ്ക് റോഡ് പദ്ധതിയാണിപ്പോൾ അധികൃതർ ആരായുന്നത്. ഇതിലാകട്ടെ സംസ്ഥാനപാതയിൽ നിന്നും ലിങ്ക്റോഡുകളുമുണ്ടാകും. കിഫ്ബി അധികൃതർ സ്ഥലം പരിശോധിച്ച് പദ്ധതി ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണത്രേ.
പക്ഷേ ദീർഘവീക്ഷണമില്ലാതെ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ള ലിങ്ക് റോഡ് പദ്ധതി തീരദേശത്തിന്റെ വികസനത്തെ പിന്നോടിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൈപ്പിൻ തീരത്തെ ബീച്ചുകളെ കോർത്തിണക്കി ചെറായി ബീച്ചിനെ മദർ ബീച്ചായി ഉയർത്തിക്കാട്ടിയുള്ള സർക്കാരിന്റെ നിർദ്ദിഷ്ട ടൂറിസം പദ്ധതിയും ഇതോടെ കൂന്പടയുമെന്ന ആശങ്കയിലാണ് ഇവിടെ ടൂറിസം വികസനപദ്ധതികൾക്കായി മുതൽ മുടക്കിയവർ.