മണ്ണാർക്കാട്: മണ്ണാർക്കാട് നിന്നുംമലയോരകുടിയേറ്റ മേഖലയായ അട്ടപ്പാടിയിലേക്കുള്ള പ്രധാനറോഡായ ചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുവാൻ നിർദേശം.പൊതുമരാമത്ത് വകുപ്പിനാണ് അടിയന്തിരമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ നിർദേശം. ഇതനുസരിച്ച് നിർമാണം ഉടൻ ആരംഭിക്കും. ഈമാസം 15ന് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യഘട്ടമായി ആനമൂളി മുതൽ മുക്കാലിവരെയുള്ള പ്രവർത്തനമാണ് ആരംഭിക്കുക. ഇതിനുശേഷം മുക്കാലിമുതൽ പാക്കുളംവരെയുള്ള നിർമാണങ്ങൾ ആരംഭിക്കും. നിർമാണപ്രവർത്തനങ്ങൾ ഇത്രയും വൈകാനുള്ള കാരണമായി പറയുന്നത് ടാറിംഗിന്റെ ലഭ്യത കുറഞ്ഞതാണ്. റോഡ് നിർമാണത്തിന് ആവശ്യമുള്ള സാമഗ്രികൾ സ്വരൂപിക്കലും ബാക്കിയുള്ളവയുമായി മുന്നോട്ടുപോവുകയാണെന്ന് അധികൃതർ പറഞ്ഞു.
പൊതുമരാമത്ത് ഡിവിഷന്റെ കീഴിൽ വരുന്ന ഭാഗത്തായിരിക്കും ഒന്നാംഘട്ട റോഡ് വികസനം നടത്തുന്നത്. പാക്കുളം മുതൽ ആനക്കട്ടിവരെയുള്ള ഭാഗത്തെ റോഡ് വികസനം ഉടൻതന്നെ നടപ്പിലാക്കും. നിർമാണ വസ്തുക്കളുടെ ദൗർലഭ്യവും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും അട്ടപ്പാടിയിലേക്ക് പല കരാറുകാരും കരാർ ഏറ്റെടുക്കുന്നതിന് തുനിയാത്ത സാഹചര്യമുണ്ട്.
നവംബർ 30നകം എല്ലാ ഭാഗത്തേയും റോഡുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കാൻ ആകുമെന്നാണ് പൊതുമരാമത്തു വകുപ്പ് പറയുന്നത്.മലയോര കുടിയേറ്റ മേഖലയായ അട്ടപ്പാടിയിലേക്കുള്ള പ്രധാന പാതയാണ് ചുരംറോഡ്. ഇതു തകർന്നുകിടക്കുന്നതോടെ നൂറുക്കണക്കിന് യാത്രക്കാരും ജനങ്ങളുമാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ശക്തമായ മഴ പെയ്താൽ ചുരം ഇടിയുന്ന അവസ്ഥയാണിവിടെ.
ഇത്തരം സംഭവങ്ങൾ പതിവായിട്ടും അധികൃതർ നടപടിയെടുത്തില്ല.ശക്തമായ മഴയും പ്രകൃതിക്ഷോഭവും കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടാണ് അട്ടപ്പാടിചുരം അറ്റകുറ്റപ്പണിക്കായി അധികൃതർ മുന്നോട്ടുവന്നിരിക്കുന്നത്. ചുരംവഴിയുള്ള യാത്രതീർത്തും ദുഷ്കരമായിരിക്കുകയാണിപ്പോൾ.