വടക്കഞ്ചേരി: ശബള കുടിശ്ശികക്കായി കരാർ കന്പനി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ വടക്കഞ്ചേരിമണ്ണുത്തി ആറ് വരി ദേശീയപാതയിൽ പന്നിയങ്കരയിലുള്ള ടോൾ ബൂത്തിലും പ്ലാന്റുകളിലും കുതിരാൻ തുരങ്ക പാതകളിലും സെക്യൂരിറ്റി സേവനം ഇല്ലാതായി. ആർക്കും എവിടേയും കടന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന സ്ഥിതിയിൽ നാഥനില്ലാത്ത അവസ്ഥയാണിപ്പോൾ.
നേരത്തെ തുരങ്കത്തിൽ പ്രവേശിക്കണമെങ്കിൽ സെക്യൂരിറ്റിയുടെ അനുമതിവേണമായിരുന്നു. തുരങ്കത്തിനുള്ളിൽ പലയിടത്തും അപകടകരമായ സ്ഥിതിയുള്ളതിനാൽ മുന്നറിയിപ്പില്ലാതെ ഇവിടങ്ങളിൽ കയറുന്നത് അപകടങ്ങൾക്കും വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. പന്നിയങ്കരയിലെ ടോൾ ബൂത്തിൽ സെക്യൂരിറ്റി സ്റ്റാഫില്ലാത്തത് ഇവിടെ സ്ഥാപിച്ചിട്ടുള്ള കന്പ്യൂട്ടർ സിസ്റ്റവും മറ്റും കളവ് പോകാനുള്ള സാധ്യതകളുമുണ്ടു്.
കൂടാതെ കരാർ കന്പനിയുടെ പ്രധാന പ്ലാന്റായ പന്നിയങ്കരയിലെ പ്ലാന്റും നാഥനില്ലാത്ത നിലയിലായി. ഇവിടെ വിലപിടിപ്പുള്ള മെഷനറികളും വാഹനങ്ങളുമുണ്ട്. ആളില്ലാതായതോടെ പ്ലാന്റിലെ സാധനങ്ങളും ആർക്കും കടത്തികൊണ്ടു് പോകാം.
കരാർകന്പനിയുടെ മെയിൻ ഓഫീസ് പ്രവർത്തിക്കുന്ന ചുവട്ടപ്പാടത്തും സെക്യൂരിറ്റിയില്ല. കോടികളുടെ കന്പിയും വാഹനങ്ങളും മിഷനറികളും ഇവിടെയുമുണ്ട്. വാഹനങ്ങളിൽ നിന്നും അഴിച്ചെടുക്കാവുന്നതെല്ലാം കടത്തി കഴിഞ്ഞു.
കന്പി മോഷണവും വലിയ തോതിലാണെന്ന് പറയുന്നു. സെക്യൂരിറ്റി സ്റ്റാഫിന് ഒരു വർഷമായി ശന്പളം നൽകിയിട്ടില്ല.
മറ്റു തൊഴിലാളികളുടെ സമരത്തിനൊപ്പം ഇവരും ശബള കുടിശ്ശികക്കായി സമരത്തിലാണ്.കരാർ കന്പനിയുടെ ഉത്തരവാദപ്പെട്ടവർ ആരും തന്നെ സ്ഥലത്തില്ല. ആന്ധ്രാ ബെയ്സ്ഡ് കന്പനിയായ ഇവിടെയുള്ളത് ഇപ്പോൾ കന്പനിയുടെ തൊഴിലാളികൾ മാത്രമാണ്. ശബള കുടിശ്ശിക ആവശ്യപ്പെട്ട് ഇവർ സമരത്തിലായതോടെ എല്ലാം തകിടം മറിഞ്ഞ സ്ഥിതിയിലുമാണ്.