രാജ്യമെമ്പാടും വന്‍ അലയൊലികള്‍ സൃഷ്ടിച്ച #MeToo ക്യാംപെയിനിന്റെ ഓളം ഇപ്പോഴും പലയിടത്തായി ബാക്കിനില്‍ക്കുന്നുണ്ട്. ആ വേളയിലാണ് #MeToo ക്യാംപെയിനിനെ കുറിച്ച് വേറിട്ട പ്രതികരണവുമായി നടി മാളവിക മോഹനന് എത്തിയിരിക്കുന്നത്.
മോളിവുഡില്‍ അഭിനയം തുടങ്ങിയ താരം ഇന്ന് ബോളിവുഡിലും കോളിവുഡിലും മുന്‍നിര നായകന്മാരുടെ ഒപ്പം അഭിനയിച്ചു വരികയാണ്. അടുത്തിടെ നവ്ഭാരത് ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മീടു ക്യാംപെയിനിനോടുള്ള നിലപാട് താരം വ്യക്തമാക്കിയത്. മീടൂ ക്യാംപെയിനിന് മുന്‍പ് തന്നെ താന്‍ പഠിച്ച കോളജില്‍ സമാനമായ ക്യാംപെയിന് തുടങ്ങിയതെന്ന് മാളവിക വ്യക്തമാക്കി.
താന്‍ പഠിച്ചത് മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു. അവിടെ അന്ന് വരെ കോളജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്റടികളും അതിക്രമങ്ങളും വായിന്നോട്ടവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ചപ്പല്‍ മാരൂംഗി എന്ന പേരില്‍ ഒരു പ്രതിഷേധ നീക്കം നടത്തിയത്. ചെരുപ്പൂരി അടിക്കും എന്നായിരുന്നു ആ ക്യാംപെയിനിന്റെ പേര്.
വായിന്നോട്ടം മാത്രമല്ല അശ്ലീല പദപ്രയോദത്തിലൂടെയുള്ള കമന്റടികളും ശരീരത്തില്‍ മുട്ടിയുരുമ്മാനൊക്കെയുള്ള ശ്രമങ്ങളും എല്ലാം ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടായിരുന്നു. ആദ്യമൊക്കെ എല്ലാവരും അത് അവഗണിക്കുകയായിരുന്നു പതിവ്. ഇതൊരു ശീലമാക്കിത്തുടങ്ങിയപ്പോഴാണ് ഇത്തരത്തില്‍ മുന്നോട്ട് പോയത്.
ഇതിനെ പറ്റി മറ്റുള്ള പെണ്‍കുട്ടികളില്‍ അവബോധം വളര്‍ത്താനും അതിക്രമങ്ങളും അതിരുവിട്ട കമന്റടികളും നിര്‍ത്താനുമായിരുന്നു ആ നീക്കമെന്നും മാളവിക മോഹനന് നവ്ഭാരത് ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
ഓസ്കാര്‍ നോമിനേറ്റ് ചെയ്യപ്പെട്ട സംവിധായകന് മജീദ് മജീദി ഒരുക്കിയ ‘ബിയോണ്ട് ദി ക്ലൗഡ്സ്’ എന്ന ചിത്രത്തിലൂടെയാണ് മാളവിക ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക മോഹനന്. കൂടാതെ രജനികാന്ത് ചിത്രം ‘പേട്ട’യില്‍ നായിക ആയി എത്തുന്നതും മാളവികയാണ്. വാരണാസിയില്‍ നടന്ന ഷൂട്ടിങ് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയതെന്നും മാളവിക പറഞ്ഞു.
ദുല്‍ഖറിന്റെ നായികയായി ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തെത്തിയത്. പിന്നീട് ‘നിര്‍ണ്ണായകം’ എന്ന ചിത്രത്തിലും ഒരു മുഖ്യ വേഷം കൈകാര്യം ചെയ്തിരുന്നു.