കണ്ണൂർ: തോട്ടട കിഴുന്നയിൽ റിസോർട്ടിന്റെ ഓഡിറ്റോറിയം തകർന്നുവീണ് 60 ഓളം പോലീസുകാർക്ക് പരിക്ക്. നാല് പോലീസുകാർക്ക് ഗുരുതരം. ഇന്നു രാവിലെ 10.30ഓടെയാണ് സംഭവം. കണ്ണൂർ ജില്ലാ പോലീസ് അസോസിയേഷന്റെ പഠന ക്യാന്പ് നടക്കുന്ന തോട്ടട കിഴുന്നയിലെ കാൻബേ റിസോർട്ടിന്റെ ഓഡിറ്റോറിയമാണ് തകർന്ന് വീണത്.
പോലീസ് അസോസിയേഷൻ അംഗങ്ങളായ 60 പേരും തെരഞ്ഞെടുക്കപ്പെട്ട 20 പേരും ഉൾപ്പെടെ 80 പേരായിരുന്നു പഠനക്യാന്പിൽ പങ്കെടുക്കുന്നത്. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമായിരുന്നു ക്യാന്പിന്റെ ഉദ്ഘാടനം. 11നായിരുന്നു ക്യാന്പിന്റെ ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്.
ഇതിന് മുന്നോടിയായുള്ള ക്ലാസ് നടക്കുന്നതിനിടെയാണ് വൻശബ്ദത്തോടെ ഓഡിറ്റോറിയത്തിന്റെ മേൽകൂര തകർന്നു വീഴുകയായിരുന്നു. ഓഡിറ്റോറിയത്തിനുള്ളിൽ സംഭവസമയത്ത് വനിതാ പോലീസടക്കം 60 ഓളം പോലീസുകാർ ഉണ്ടായിരുന്നു. മേൽക്കൂര പൂർണമായും പോലീസുകാരുടെ മേൽപതിക്കുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയവരും രജിസ്ട്രേഷൻ കൗണ്ടറിലുള്ള പോലീസുകാരുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഓടുകളും ഇരുന്പ് തൂണുകളും പോലീസുകാരുടെ മേൽപതിച്ചാണ് പരിക്കേറ്റത്. പഠനക്യാന്പിൽ പങ്കെടുക്കാൻ വന്നവരുടെ വാഹനത്തിൽ തന്നെയാണ് പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എടക്കാട് പോലീസും കണ്ണൂരിൽനിന്നെത്തിയ അഗ്നിശമനസേനയുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, ഡിവൈഎസ്പി പി.പി. സദാനന്ദൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.