കോഴിക്കോട്: ബന്ധുനിയമനത്തിനിടെ മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യയുടെ സ്ഥാനകയറ്റവും വിവാദത്തിലേക്ക് . ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്സപ്പാളായി ഫാത്തിമകുട്ടിയെ നിയമിച്ചതിലാണ് ചട്ടലംഘനം നടന്നിട്ടുള്ളതെന്നാണ് ഉയരുന്ന ആരോപണം. മന്ത്രിയായിരിക്കെയാണ് ജലീല്‍ സ്വാധീനമുപയോഗിച്ച് മറ്റൊരാള്‍ക്ക് ലഭിക്കേണ്ട സ്ഥാനം ഭാര്യയ്ക്ക് നല്കിയിട്ടുള്ളതത്രേ.
ബന്ധുനിയമനത്തിനു പിന്നാലെ പുറത്തുവന്ന ജലീലിന്റെ ഭാര്യയുടെ സ്ഥാന കയറ്റവും ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തില “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. മന്ത്രിയുടെ ഭാര്യയുടെ സ്ഥാനകയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. 19 ന് കൊച്ചിയില്‍ യോഗം ചേരുന്നുണ്ടെന്നും ബന്ധുനിയമനവും സ്ഥാനകയറ്റവും പ്രധാന ചര്‍ച്ചയാക്കും. ബന്ധുനിയമനമുള്പ്പെടെയുള്ള വിഷയങ്ങളില്‍ ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാത്തിമകുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പളായി നിയമിച്ചുകൊണ്ടുള്ള ഹയര്‍സെക്കന്‍ഡറി പ്രാദേശിക ഡയറക്ടറുടെ ഉത്തരവ് പുറത്തിറിങ്ങിയത് ജലീല്‍ മന്ത്രിയായതിന് ശേഷമാണെന്നാണ് പുതിയ ആരോപണം. 2016 ജൂലൈ 26 നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറിങ്ങയതെന്നാണ് പറയുന്നത്.
വിദ്യാഭ്യാസവകുപ്പിലും കെ.ടി.ജലീലിന്റെ ഇടപടലിനെ തുടര്‍ന്നാണ് സ്ഥാനകയറ്റം നല്കിയതെന്നാണിപ്പോള് പ്രധാന ആരോപണം. ഫാത്തിമകുട്ടി ജോലിയില്‍ പ്രവേശിച്ച അതേ ദിവസം തന്നെ മറ്റൊരധ്യാപികയും ജോലിയില്‍ പ്രവേശിച്ചിരുന്നു. ഒരേ ദിവസം രണ്ടുപേര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ പ്രായം നോക്കിയാണ് സ്ഥാനകയറ്റം നല്‍കുന്നത്. എന്നാല്‍ പ്രായകൂടുതലുള്ള അധ്യാപികയെ തഴഞ്ഞാണ് ഫാത്തിമകുട്ടിയെ പ്രിന്‍സിപ്പാളാക്കി നിയമിച്ചിട്ടുള്ളതെന്നാണ് ആരോപണം. ഇതിനെതിരേ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.