ആലപ്പുഴ: ഗുജറാത്ത് മുതൽ കന്യാകുമാരി വരെയുള്ള നിർദ്ദിഷ്ട കപ്പൽ പാതയ്ക്കെതിരെ കേന്ദ്ര സർക്കാരിന് ഭീമ ഹർജി സമർപ്പിക്കുവാൻ മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
ഇരുന്നൂറ് നോട്ടിക്കൽ മൈൽ വരെയുള്ള ഇന്ത്യൻ കടലിൽ മത്സ്യ ബന്ധനത്തിനുള്ള ഇന്ത്യൻ മത്സ്യ തൊഴിലാളികളുടെ അവകാശം കവരുവാനുള്ള നീക്കത്തിനെതിരെയുള്ള ഒപ്പുശേഖരണം 25 ന് ആരംഭിക്കും.സാർവ്വ ദേശീയ മത്സ്യതൊഴിലാളി ദിനമായ 21 ന് തണ്ണീർമുക്കം ബണ്ടിൽ നടക്കുന്ന വേന്പനാട് കായൽ സംരക്ഷണ ശൃംഖല വിജയിപ്പിക്കുവാനും, 29 ന് വെട്ടുകാട് നടക്കുന്ന ഓഖി അനുസ്മരണം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അധ്യക്ഷനായിരുന്നു. ജന സെക്രട്ടറി ടി.രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ എം.കെ.ഉത്തമൻ, എ.കെ.ജബ്ബാർ, കുന്പളം രാജപ്പൻ, സോളമൻ വെട്ടുകാട്, കെ.സി.സതീശൻ, ടി.എൻ.സോമൻ, എത്സബത്ത് അസീസി, മിനി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.