കായംകുളം: നീണ്ട തര്‍ക്കത്തിനൊടുവില്‍ യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതിനെ തുടര്‍ന്ന് കറ്റാനം കട്ടച്ചിറയില്‍ യാക്കോബായ വൈദികര്‍ പള്ളിയില്‍ കയറി സംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു (95)ന്റെ സംസ്കാര ശിശ്രൂഷയാണ് ഇന്ന് രാവിലെ 7.30ന് വന്‍ പോലീസ് സുരക്ഷയില്‍ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ നടന്നത്. ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ ഉടമവസ്ഥാ അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്സ് പക്ഷത്തിനകൂലമായ വിധി വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇരു വിഭാഗവും തമ്മില്‍ രണ്ട് മാസത്തിലേറെയായി തര്‍ക്കം നില നിന്നത്.
ഇതേ തുടര്‍ന്ന് യാക്കോബായ വിഭാഗം വൈദികരെ പള്ളിയില്‍ കയറ്റരുതെന്ന നിലപാട് ഓര്‍ത്തഡോക്സ് വിഭാഗം സ്വീകരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതേ തുടര്‍ന്ന് ഇവിടെ നിരോധനാഞ്ജ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മരിച്ച വര്‍ഗീസ് മാത്യുവിന്റെ മൃതശരീരം സംസ്ക്കരിക്കാന്‍ യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളുമെത്തിയപ്പോള് പോലീസ് വൈദികരെ തടഞ്ഞു.
ഇതോടെ മൃതശരീരവുമായി പത്ത് മണിക്കൂറോളം കെപി റോഡില്‍ മൃതശരീരവുമായി പ്രതിഷേധിച്ചു. തുടര്‍ന്ന് മൃതശരീരം മൊബൈല്‍ മോര്ച്ചയിലാക്കി കഴിഞ്ഞ അഞ്ചുദിവസമായി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് പ്രശ്ന സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വരുന്ന പോലീസ് സംഘത്തെ പള്ളിയുടെ പരിസരത്ത് വിന്യസിച്ചിരുന്നു.
ജില്ലാ കളക്ടര്‍ എസ്. സുഹാസും കട്ടച്ചിറയില്‍ എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഇരുവിഭാഗവുമായി അവസാനവട്ട ചര്‍ച്ച നടത്തിയിരുന്നു. പതിനൊന്നു ദിവസമായി മൃതദേഹം സംസ്കരിക്കാന്‍ കഴിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത് ഏറെ വിവാദമാകുകയും സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകള്‍ വിഷയത്തില്‍ ഇടപെടുകയും ചെയിതിരുന്നു. കൂടാതെ മുഖ്യമന്ത്രിയും വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇന്ന് രാവിലെ തന്നെ സംസ്കാരം നടത്തണമെന്ന് അന്ത്യശാസന നല്‍കിയത്. സുപ്രീം കോടതി വിധിയുള്ളതിനാല്‍ യാക്കോബായ വിഭാഗം വൈദികരെ പളളിയില്‍ പ്രവേശിപ്പിക്കാതെ ഓര്‍ത്തഡോക്സ് വിഭാഗം വൈദികരുടെ ശുശ്രൂഷയില്‍ സംസ്കാരം നടത്തണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കിയത്.
എന്നാല്‍ മരിച്ച വര്‍ഗീസ് മാത്യുവിന്റെ ചെറുമകനായ യാക്കോബായ വിഭാഗം വൈദികനും കൊല്ലം ഭദ്രാസന സെക്രട്ടറിയുമായ ഫാ. ജോര്‍ജി ജോണിനെ പള്ളിയില്‍ പ്രവേശിപ്പിച്ച് അന്ത്യ കര്‍മങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് യാക്കോബായ വിഭാഗം തുടക്കം മുതല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വൈദിക വേഷം ഒഴിവാക്കി ഫാ. ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിക്കുന്നതിന് തടസമില്ലായെന്ന് ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടെടുത്തു.
സുപ്രീം കോടതി വിധി നടപ്പിലാകാത്തതു മൂലം തല്‍സ്ഥിതി നിലനില്‍ക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം നിലപാടെടുത്തത്. വൈദിക വേഷത്തില്‍ തന്നെ ഫാ. ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിച്ച് അന്ത്യ ശുശ്രൂഷ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
കൂടാതെ കുരിശടിയില്‍ പ്രാര്‍ത്ഥന നടത്താന്‍ യാക്കോബായ വിഭാഗത്തിലെ അഞ്ചു വൈദികര്‍ക്കും അവസരം നല്കി. സ്ഥലത്ത് ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
ഓര്‍ത്തഡോക്സ് വിഭാഗം നിയമനടപടിയിലേക്ക്
കായംകുളം: തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സുപ്രിം കോടതി വിധി തങ്ങള്‍ക്ക് അനുകൂലമായിട്ടും ഏകപക്ഷീയമായി യാക്കോബ വിഭാഗം വൈദീകരെ പള്ളിയില്‍ പ്രവേശിപ്പിച്ച് സംസ്കാരം നടത്തിയതിനെതിരെ സഭാ നേതൃത്വവുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരം കറ്റാനം റെസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ഭാഗം കേട്ട ജില്ലാ ഭരണകൂടം അന്തിമ തീരുമാനവും സംസ്കാര സമയവും തങ്ങളെ അറിയിക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ തീരുമാനവും സംസകാര സമയവും അറിയിക്കാതെ ഏക പക്ഷീയമായിട്ടാണ് ഇന്ന് കട്ടച്ചിറ പള്ളിയില്‍ സംസ്കാരം നടത്തിയതെന്നും സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്നും കട്ടച്ചിറ ഓര്‍ത്തഡോക്സ് വിഭാഗം വൈദീകന് ജോണ്‍സ് ഈപ്പന് പറഞ്ഞു.