ചാരുംമൂട്: പന്തളം – മാവേലിക്കര റോഡിൽ ഇടപ്പോണ്‍ ഐരാണിക്കുടയിക്ക് സമീപം പിക്കപ്പ് വാനും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ടാക്സി ഡ്രൈവർ മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി രമേശൻ (60) ആണ മരിച്ചത്.
ഓട്ടോയിൽ സഞ്ചരിച്ച ഒരു കുട്ടിയുൾപ്പെടെ മൂന്നു സ്ത്രീകൾക്കും പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെയും ഒരു സ്ത്രീയെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം.
പരിക്കേറ്റ മറ്റു രണ്ടു സ്ത്രീകളെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ഓട്ടോ ടാക്സിയിൽ കുടുങ്ങിപ്പോയ യാത്രക്കാരെ മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമന സേന വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഓട്ടോ ടാക്സിയിലുള്ളവർ ക്ഷേത്ര ദർശനത്തിനുപോയതാണെന്ന് പറയപ്പെടുന്നു. ഇടപ്പോണ്‍ ശബരിഫാമിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാനാണ് ഓട്ടോ ടാക്സിയുമായി കൂട്ടിയിടിച്ചത്. നൂറനാട് പോലീസ് മേൽനടപടി സ്വീകരിച്ചു.