കോട്ടയം: കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കെ.വി. വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ച് നടത്തി.നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ നടത്തണമെന്നും നിക്ഷേപകരുടെ മുഴുവൻ പണവും തിരികെ കിട്ടുംവരെ സമരവും നിയമപോരാട്ടവും തുടരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ടട
നിക്ഷേപകരായ വനിതകൾ ഉൾപ്പെടെ നിരവധിപേർ സമരത്തിൽ അണിനിരന്നു. വിശ്വനാഥൻ ജീവനൊടുക്കിയതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും അന്വേഷണം കുടുംബത്തിലെ മറ്റുള്ളവരിലേക്ക് എത്തണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു.
അസോസിയേഷൻ ഭാരവാഹികളായ സി.ഡി. ശശികുമാർ, സക്കീർ ഹുസൈൻ, ശശീധരൻ ചെല്ലിത്തറ എന്നിവർ പ്രസംഗിച്ചു. കുന്നത്തുകളത്തിൽ വിശ്വനാഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കോട്ടയം എസ്പി നേരിട്ട് നടത്തണമെന്നും ആത്മഹത്യാക്കുറിപ്പ് പുറത്തുവിടണമെന്നുമായിരുന്നു പ്രധാന ആവശ്യം.
വിശ്വനാഥന്റെ മരുമകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ തട്ടിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ ലഭിക്കും. ഇയാൾക്കെതിരെ തെളിവില്ലെന്നാണു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ വാദം. അന്വേഷണചുമതല ഡിവൈഎസ്പിയിൽനിന്നു മാറ്റി ജില്ലാ പോലീസ് മേധാവിക്കു കൈമാറണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്നിനാണു വിശ്വനാഥൻ സ്വകാര്യ ആശുപത്രിക്കു മുകളിൽനിന്ന് ചാടി ജീവനൊടുക്കിയത്. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ജ്വല്ലറിയും കോട്ടയത്ത് ചിട്ടി സ്ഥാപനവും നടത്തി 3349 നിക്ഷേപകരിൽ നിന്നായി 150 കോടിയലധികം തട്ടിപ്പുനടത്തിയെന്നാണു കേസ്.