മേലൂർ: ചൂടുകുരുവിനു ചികിത്സതേടി സ്വകാര്യ ആശുപത്രിയിലെത്തിയ മേലൂർ സ്വദേശിനിയായ യുവതി അബോധാവസ്ഥയിൽ. ഡോക്ടറുടെ പിഴവാണ് യുവതിയുടെ ഗുരുതരാവസ്ഥയ്ക്കു കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മേലൂർ തെക്കൻ മാച്ചാന്പിള്ളി റിൻസന്റെ ഭാര്യ അനീഷയാണ് അബോധാവസ്ഥയിൽ കഴിയുന്നത്. യുവതി ഇപ്പോൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
നവംബർ രണ്ടിനാണ് സംഭവം. യുവതിയുടെ ഇടുപ്പിലുണ്ടായ ചൂടുകുരു ഡോക്ടറെ കാണിക്കാനാണ് അമ്മയോടൊപ്പം തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകൾ നല്കിയെങ്കിലും പഴുപ്പ് രൂപപ്പെട്ടു. തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടറുടെ നിർദേശപ്രകാരം ആദ്യ ടെസ്റ്റ് ഡോസ് ഇൻജക്ഷൻ കൊടുത്തപ്പോൾതന്നെ ദേഹത്തു ചീർമത വരുകയും തുടർന്നുള്ള ഡോസുകൾ നല്കിയപ്പോൾ ശരീരം വീർക്കുകയും ചെയ്തുവെന്നു ബന്ധുക്കൾ പറഞ്ഞു. ഇതോടെ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
അനീഷയ്ക്കു ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിട്ടും, നീരുണ്ടായിട്ടും അനസ്തേഷ്യ നല്കി ശസ്ത്രക്രിയ നടത്തി. എത്രയും പെട്ടെന്നു ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിക്കാൻ ആശുപത്രി അധികൃതർതന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
ആംബുലൻസിൽ കയറ്റുന്നതിനിടയിൽ അനീഷയുടെ വായിൽനിന്നും മൂക്കിൽനിന്നും നുരയും പതയും വന്നിരുന്നു. ആശുപത്രിയിലെ ഒരു ഡോക്ടറും രണ്ട് നഴ്സുമാരും കൂടെ ഉണ്ടായിരുന്നു. ഇതിനിടയിൽ അനീഷയ്ക്ക് ഹൃദയാഘാതവുമുണ്ടായി. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്കും തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നല്കി.