കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനത്തിന്റെ ടിക്കറ്റുകൾ 55 മിനിറ്റിനുള്ളിൽ വിറ്റുതീർന്നു. ഉദ്ഘാടനദിനത്തിൽ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 186 ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ഡിസംബർ ഒമ്പതിനാണ് എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനം യാത്രക്കാരുമായി അബുദാബിയിലേക്ക് പുറപ്പെടുക.
അബുദാബി, റിയാദ്, മസ്കറ്റ്, ഷാർജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സർവീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ആഴ്ചയിൽ റിയാദിലേക്ക് മൂന്ന് ദിവസവും അബുദാബിയിലേക്ക് നാല് ദിവസവും സർവീസ് നടത്തും. ഷാർജ, ദോഹ എന്നിവടങ്ങളിലേക്കും നാല് ദിവസം സർവീസുണ്ടാകും. മസ്കറ്റിലേക്ക് മൂന്ന് ദിവസമാണ് സർവീസുണ്ടാകുക. ദുബായിലേക്ക് ആദ്യഘട്ടത്തിൽ സർവീസ് ഉണ്ടായിരിക്കില്ല.
ഉദ്ഘാടന ദിവസം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. അബുദാബിയിലേക്ക് സർവീസ് നടത്താനുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനം എട്ടിനു വൈകുന്നേരം തിരുവനന്തപുരത്തുനിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും.