ഇന്ത്യൻ റോഡുകളിൽ ആഫ്റ്റർ മാർക്കറ്റ് ഹെഡ്ലാന്പുകളാണ് ഇപ്പോഴത്തെ താരം. പുതിയ വാഹനങ്ങളിലും മോഡിഫൈ ചെയ്ത വാഹനങ്ങളിലും തീക്ഷണതയേറിയ പ്രകാശരശ്മികളുള്ള ഹെഡ്ലാന്പുകളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. വാഹനം തീക്ഷണതയേറിയ ഹെഡ്ലൈറ്റുള്ള വാഹനത്തിന്റെ ഡ്രൈവർക്ക് രാത്രികാഴ്ച കൂടുതൽ സൗകര്യപ്രദമായവിധത്തിലാകുമെങ്കിലും എതിരേ വരുന്ന വാഹനങ്ങൾക്ക് അത് വലിയ വെല്ലുവിളി സൃഷ്ടിക്കും. തീക്ഷണതയേറിയ പ്രകാശകിരണങ്ങൾ കണ്ണിൽ പതിച്ചാൽ കുറച്ചു നേരത്തേക്കെങ്കിലും ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കും. ഇത് അപകടങ്ങൾക്കു വഴിയൊരുക്കും.
വാഹനങ്ങളുടെ കാര്യങ്ങൾ പറഞ്ഞാൽ മോഡ്സ് ഓൺ കൺട്രി എന്നു കേരളത്തെ വിളിക്കാം. മോഡിഫൈ ചെയ്ത വാഹനങ്ങളുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ ഹെഡ്ലൈറ്റിലും കാര്യമായ മാറ്റങ്ങൾ വരുന്നു. ഇതാണ് രാത്രികാല അപകടങ്ങൾക്ക് കൂടുതൽ വഴിയൊരുക്കുന്നത്.
പ്രകാശം പരിശോധിക്കാൻ ലക്സ് മീറ്ററുകൾ
കേരളത്തിലെ വർധിച്ച രാത്രികാല അപകടങ്ങളുടെ പ്രധാന കാരണം ഹെഡ്ലൈറ്റുകളിലെ തീക്ഷണതയേറിയ പ്രകാശമാണ്. അതുകൊണ്ടുതന്നെ ഇവയ്ക്കെതിരേ ശക്തമായ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് പദ്ധതി ആവഷ്കരിച്ചിട്ടുണ്ട്. ഹെഡ്ലാന്പുകളിലെ പ്രകാശത്തിന്റെ തീവ്രത അറിയാൻ ലക്സ് മീറ്ററുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. നിഷ്കർഷിച്ചതിലും തീവ്രതയേറിയ ബൾബുകളാണ് ഉപയോഗിക്കുന്നതെന്നു കണ്ടെത്തിയാൽ 1,000 രൂപ വരെ പിഴയീടാക്കാം. ഒപ്പം ബൾബ് മാറ്റാനുള്ള നിർദേശവും നല്‍കും. വീണ്ടും ലംഘനം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും.
ലക്സ് മീറ്റർ എങ്ങനെ
ഹെഡ് ലാന്പുകളിൽനിന്നുള്ള പ്രകാശകിരണങ്ങളിലെ പ്രകാശോർജം ഇലക്ട്രിസിറ്റിയായി ലക്സ് മീറ്റർ മാറ്റും. കൂടുതൽ തീക്ഷണതയേറിയ ലാന്പുകൾ കൂടുതൽ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കും. ഇതാണ് ലക്സ് മീറ്ററിന്റെ പ്രവർത്തനതത്വം.
ഹെഡ്ലൈറ്റുകൾ പലതരം
വാഹനത്തിന്റെ സൗന്ദര്യം നിർണയിക്കുന്നതിൽ ഹെഡ് ലാന്പുകൾക്കും പങ്കുണ്ട്. പഴയ ഹാലജൻ റിഫ്ലെക്ടർ ഹെഡ് ലാന്പുകളേക്കാളും ഭംഗിയാണ് പ്രൊജക്ടർ, സെനോണ്‍ ലാന്പുകളുള്ള വാഹനങ്ങൾക്ക്. എന്നാൽ, ഓരോ ഹെഡ് ലാന്പിനും അതിന്റേതായ മേന്മകളും പോരായ്മകളുമുണ്ട്.
ഹാലജൻ റിഫ്ലെക്ടർ
ബേസ് മോഡൽ വാഹനങ്ങളിലാണ് ഇപ്പോൾ ഇത്തരം ലാന്പുകൾ ഉപയോഗിക്കുന്നത്. ഒരു സ്റ്റീൽ കവചത്തിനുള്ളിൽ ഹാലജൻ ബൾബ് ഘടിപ്പിച്ചിരിക്കുന്നതാണ് ഇതിന്റെ ഘടന. സാധാരണ ടങ്സ്റ്റണ്‍ ബൾബുകളേക്കാൾ ശക്തിയേറിയ പ്രകാശകിരണങ്ങൾ ചൊരിയാൻ ശേഷിയുണ്ട്. ശരാശരി 55 വാട്സ് പവർ ഉപയോഗിക്കുന്നു. എന്നാൽ, വൈദ്യുതോർജം പ്രകാശോർജത്തേക്കാൾ കൂടുതൽ താപോർജമായി മാറുന്നുണ്ട്.
പ്രോജക്ടർ
1980-കളിൽ ലക്ഷ്വറി കാറുകളിൽ ഉപയോഗിച്ചിരുന്ന ഇത്തരം ലാന്പുകൾ ഇന്ന് വില കുറഞ്ഞ വാഹനങ്ങളിലും ലഭ്യമാണ്. റിഫ്ലെക്ടർ ഹെഡ്ലൈറ്റുകളുടെ പ്രവർത്തനങ്ങൾക്കു സമം. സ്റ്റീൽ കവചത്തിനുള്ളിലെ ബൾബിനൊപ്പം ലെൻസ് ഉള്ളതിനാൽ കൂടുതൽ ശക്തിയേറിയ പ്രകാശം പുറത്തേക്കു വരുന്നു. പ്രകാശം റോഡിലേക്കു പതിക്കുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ എതിരേ വരുന്ന വാഹനത്തിലെ ഡ്രൈവർക്ക് വലിയ വെല്ലുവിളിയാകുന്നില്ല.
സെനോണ്‍
ഹാലജനേക്കാൾ മൂന്നു മടങ്ങ് പ്രകാശം. ഹൈ എൻഡ് കാറുകളിൽ ഉപയോഗിക്കുന്നു. 35 വാട്സ് ശേഷി. സെനോണ്‍ വാതകം ഉപയോഗിച്ചിരിക്കുന്ന ഈ ലാന്പിനെ ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ് ലൈറ്റുകൾ എന്നു വിളിക്കുന്നു. പ്രകാശത്തിന് പരമാവധി തീവ്രത നല്കാൻ സെനോണ്‍ വാതകത്തിനു കഴിയും. പ്രകാശം കൂടുതലുള്ളതിനാൽ രാത്രി കാഴ്ച കൂടുതൽ മികച്ചത്.
എൽഇഡി
ലൈറ്റ് എമിറ്റിംഗ് ഡയോഡുകളും ഇപ്പോൾ വാഹനങ്ങളുടെ ഹെഡ് ലാന്പുകളിൽ ഉപയോഗിച്ചുതുടങ്ങി. കുറഞ്ഞ ഉൗർജോപയോഗം മാത്രമല്ല വാഹനത്തിന്റെ സൗന്ദര്യത്തിന്റെ ഭാഗംകൂടിയാണ്.
ഓട്ടോസ്പോട്ട്/ ഐബി
[email protected]