വടക്കഞ്ചേരി: മുടപ്പല്ലൂർ ഇറക്കത്തിൽ കരിപ്പാലിയിൽ പൂട്ടിയിട്ടവീട്ടിൽനിന്നും സ്വർണാഭരണങ്ങളും സ്കൂട്ടറും കവർന്നകേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ മേൽനോട്ടത്തിൽ വടക്കഞ്ചേരി സിഐ എ.ദീപകുമാർ, എസ്ഐ എ.ആദംഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വീട്ടുകാരെക്കുറിച്ചും വീടുമായും ബന്ധപ്പെട്ടവരെക്കുറിച്ചും കേന്ദ്രീകരിച്ചാണ് പ്രാഥമികാന്വേഷണം പുരോഗമിക്കുന്നത്.വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം കവർച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് നിഗമനം. കവർച്ചയുടെ രീതിയിലും സ്വഭാവവും ഈ സംശയം ബലപ്പെടുത്തുന്നതുമാണെന്ന് വീട്ടുടമയായ റിട്ടയേഡ് ബാങ്ക് ജീവനക്കാരൻ കുഞ്ചു പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഇവർ വീടുപൂട്ടി കാസർഗോഡുള്ള സുഹൃത്തിന്റെ വീട്ടിൽപോയത്. ഇക്കാര്യം കുറച്ചുപേർക്ക് മാത്രമേ അറിയൂവെന്നാണ് കുഞ്ചുപറയുന്നത്. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയ്ക്കും മൂന്നിനും ഇടയ്ക്കാകും കവർച്ചയെന്നാണ് അനുമാനിക്കന്നത്. ഈ സമയം ശബ്ദംകേട്ടതായി അയൽവാസികൾ പറയുന്നുണ്ടെന്നും കുഞ്ചു പറഞ്ഞു.
വാതിലുകളും അലമാരകളും കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീടിനുള്ളിലും പുറത്തുമായി വച്ചിരുന്നതാണെന്നും തുണിചുറ്റിയാണ് ആയുധങ്ങൾ ഉപയോഗിച്ചതെന്നും പറയുന്നു. വിരലടയാളം പതിയാതിരിക്കാനാകൂം ഈ മുൻകരുതൽ. അടുക്കളഭാഗത്ത് വച്ചിരുന്ന വെട്ടുകത്തിയും നാളികേരം പൊളിക്കുന്നതും മുകളിലെ മുറികളിലാണ് കാണപ്പെട്ടത്.
രണ്ടുവർഷമായി അലമാരയിൽ സൂക്ഷിച്ചിരുന്ന ഫുൾബോട്ടിൽ മദ്യവും തസ്കരസംഘം കവർന്നു. പത്തുപവനോളം വരുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഡയമണ്ട് മാലയും കാണാതായിട്ടുണ്ടെന്ന് കുഞ്ചുവിന്റെ ഭാര്യ ഫെഡറൽ ബാങ്ക് വടക്കഞ്ചേരി ശാഖയിലെ ജീവനക്കാരി കൂടിയായ സുമതി പറഞ്ഞു.മൂന്നു നിലവിളക്കുകളും പട്ടുസാരിയും മറ്റുപുതിയ വസ്ത്രങ്ങളും മോഷണം പോയിട്ടുണ്ട്. നാലുവർഷം പഴക്കമുള്ള സ്കൂട്ടറാണ് മോഷ്ടിച്ചിട്ടുള്ളത്.
സ്കൂട്ടറിൽ പെട്രോൾ ഉണ്ടായിരുന്നില്ല. എന്നാൽ മോഷ്ടാക്കൾ എത്തിയ ബൈക്കിലെ പെട്രോൾ സ്കൂട്ടറിൽ ഒഴിച്ചാണ് സ്കൂട്ടർ കവർന്നത്. അലമാരയിൽനിന്നും സ്കൂട്ടറിന്റെ രേഖകളും എടുത്തിട്ടുണ്ട്. ബൈക്ക് സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. മുൻഭാഗത്തെ ഗേറ്റിന്റെ പൂട്ടും വാതിലിന്റെ പൂട്ടും തകർത്തിരുന്നു. മോഷ്ടാക്കൾ ഏറെസമയം വീട്ടിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. യാത്രപോയ വീട്ടുകാർ രാത്രി എത്തില്ലെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള കവർച്ചയാണ് നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്.
മോഷ്ടാക്കൾ വീടിനുമുന്നിൽ ഉപേക്ഷിച്ച പൾസർ ബൈക്ക് കൊല്ലങ്കോടുള്ള ബാങ്ക് ജീവനക്കാരന്േറതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്ക് മോഷണംപോയതു സംബന്ധിച്ച് ഉടമ നേരത്ത പോലീസിൽ പരാതി നല്കിയിരുന്നു. ഏതാനുംവർഷംമുന്പ് ഈ വീടിനടുത്തു മറ്റൊരു വീട്ടിലെ കാർ മോഷണംപോയ സംഭവമുണ്ടായിട്ടുണ്ട്.