ഒറ്റപ്പാലം: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും ഒറ്റപ്പാലത്ത് റീജണൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസ് സ്ഥാപിക്കാൻ ധാരണ. നഗരസഭാ മാർക്കറ്റ് കോംപ്ലക്സ് കെട്ടിടത്തിന്റെ മുകൾനിലയിൽ കഐസ്ഇബി ഓഫീസ് പ്രവർത്തിച്ചിരുന്ന മുറികൾ ഇതിനായി കണ്ടെത്തി.
ഒറ്റപ്പാലം ജോയിന്റ് ആർടിഒ പി.എം.റഷീദും സംഘവും ഈ മുറികൾ പരിശോധിച്ച് അനുയോജ്യമെന്ന റിപ്പോർട്ട് പാലക്കാട് ആർടിഒയ്ക്ക് സമർപ്പിച്ചു.ജില്ലയിലെ പ്രധാനപാതകളിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനാണ് റീജണൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ഒറ്റപ്പാലത്ത് ഓഫീസ് തുടങ്ങുന്നത്.
സംസ്ഥാന ഗതാഗതവകുപ്പിന്റെ നേതത്വത്തിൽ സേഫ് കേരള പ്രോജക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻഫോഴ്സമെന്റ് വിഭാഗം വരുന്നത്.ജില്ലയിലെ പ്രധാന പാതകളിലേക്ക് എത്താവുന്ന സ്ഥലത്താകണം ഓഫീസെന്നാണ് നിർദേശം. ഇപ്പോൾ ഒറ്റപ്പാലത്തു കണ്ടെത്തിയ മുറികൾ പ്രധാന പാതയോരത്തുള്ളതും പാർക്കിംഗ് സൗകര്യമുള്ളതുമാണ്. എത്രയുംവേഗം ഇക്കാര്യത്തിൽ തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഒരു ആർടിഒ ഓഫീസറും ആറു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 18 അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന ഓഫീസാണ് വരാൻപോകുന്നത്. ഓഫീസ് വരുന്നതോടെ ജില്ലയിലെ ആറു എൻഫോഴ്സമെന്റ് സ്ക്വാഡുകൾ പ്രവർത്തിക്കും. നിലവിൽ രണ്ട് സ്ക്വാഡുകൾ മാത്രമാണുള്ളത്.
അതേസമയം കഐസ്ഇബി സെക്്ഷൻ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഒറ്റപ്പാലം നഗരസഭാ മാർക്കറ്റ് കോംപ്ലക്സിലേക്കുള്ള ജനങ്ങളുടെ വരവിനു കുറവു സംഭവിച്ചിട്ടുണ്ട്. ഇത് നഗരസഭയുടെയും ഇവിടെ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ പുതിയ ഓഫീസ് ഈ കെട്ടിടത്തിൽ വരുന്നത് നഗരസഭയ്ക്കും ഗുണകരമാകും. കോംപ്ലക്സിൽ ഇനിയും ധാരാളം കെട്ടിടങ്ങൾ ലേലത്തിൽ പോകാതെ കിടക്കുന്നുണ്ട്. ഇതുമൂലം നഗരസഭയ്ക്ക് സാന്പത്തികനഷ്ടവും ഉണ്ടാകുന്നു.കഐസ്ഇബി ഓഫീസ് കൂടി ഇവിടെനിന്നു പോയതോടെ നഷ്ടത്തിന്റെ അളവുകൂടി. മറ്റു കച്ചവടക്കാരെയും ഇതു പ്രതികൂലമായി ബാധിച്ചിരുന്നു. പുതിയ ഓഫീസ് വരുന്നതോടുകൂടി ഇതിനെല്ലാം വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.