കോഴിക്കോട്: ഓണ്‍ലൈന്‍ സൈറ്റുകളുടെ പേരില്‍ വ്യാജ ഓഫറുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പോലീസ്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനായാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോലീസ് പറയുന്നത്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച ആമസോണ്‍ ഓണ്‍ലൈനിന്റെ പേരില്‍ ബിഗ് ബില്യണ്‍ സെയില്‍ എന്ന ഓഫര്‍ പ്രചരിച്ചിരുന്നു. ആയിരങ്ങളാണ് വാട്സ് ആപ്പ് വഴി ലിങ്ക് ഷെയര്‍ ചെയ്തത്. ആമസോണ്‍ സൈറ്റിന്റെ മാതൃകയിലായിരുന്നു വ്യാജവെബ്സൈറ്റ് തയാറാക്കിയിരുന്നത്. അതേസമയം തന്നെ ആമസോണിന്റെ ഔദ്യോഗിക സൈറ്റില്‍ ഇത്തരത്തില്‍ ഒരു ഓഫര്‍ പോലും ഉണ്ടായിരുന്നില്ല.
ഒറ്റദിവസംകൊണ്ട് മാത്രം നിരവധി പേരാണ് ഈ തട്ടിപ്പിനിരയായത്. പാനസോണിക് മിക്സര്‍ ഗ്രെയിന്ററിന് 10 രൂപയായിരുന്നു വ്യാജ ഓണ്‍ലൈനില്‍ വിലയിട്ടിരുന്നത്. ജെബില്‍ ബൂംബോക്സിന് 90 രൂപയും കാനണ്‍ ഇഒഎസ് 80ഡി 24.2 എംപി ഡിജിറ്റില്‍ എസ്എല്‍ആര്‍ കാമറയ്ക്ക് 199 രൂപയും ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിന് 11 രൂപയും സാംസഗ് ഗാലക്സി നോട്ട്8 ന് 1999 രൂപയുമായിരുന്നു വില. അവിശ്വസനീയമായ വിലയായിട്ടും പലരും ഇത് പിന്തുടര്ന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പോലീസ് മുന്നറിയപ്പുമായി എത്തിയത്. “ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കുക’ എന്നു തുടങ്ങുന്നതാണ് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് – ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ വന്‍ വിലക്കുറവ് എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലതും തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നു വ്യക്തമായിട്ടുള്ളതാണ്.
വിലക്കുറവിന്റെ മോഹനവാഗ്ദാനങ്ങളുമായി പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് കൂടെയുള്ള ലിങ്കില്‍ പ്രവേശിച്ചു ഓഫര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക. യഥാര്‍ത്ഥ ഷോപ്പിംഗ് സൈറ്റുമായി ഈ സന്ദേശത്തിനു യാതൊരു ബന്ധവുമില്ല. മാത്രമല്ല നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താനുള്ള തട്ടിപ്പ് രീതിയാണിതെന്നാണ് മുന്നറിയിപ്പ്.