ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷം കേന്ദ്രത്തിലെ ബിജെപി സർക്കാരിനു നേരെ വിമർശനവുമായി കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഇപ്പോൾ രാജ്യം ഭരിക്കുന്നവർ ജവഹർലാൽ നെഹ്റുവിന്റെ പാരന്പര്യം നശിപ്പിച്ചെന്നും ഇവർ രാജ്യത്തിന് അപമാനമാണെന്നും സോണിയ പറഞ്ഞു. കോണ്ഗ്രസ് നേതാവ് ശശി തരൂരിന്റെ നെഹ്റു-ദി ഇൻവെൻഷൻ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പുനപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യയിലെ ജനാധിപത്യത്തെ ഏകീകരിക്കുകയും അടിസ്ഥാനമൂല്യങ്ങളെ ഉറപ്പിക്കുകയും ചെയ്തത് ആദ്യ പ്രധാനമന്ത്രിയായ നെഹ്റുവാണ്. ആ മൂല്യങ്ങളിലാണ് ഇന്ത്യ ഇന്നും അഭിമാനിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സാന്പത്തിക നയങ്ങൾ, ചേരിചേരാ നയം എന്നിവയൊക്കെ നെഹ്റു സൃഷ്ടിച്ച മൂല്യങ്ങളാണ്.
ഇന്ത്യയുടെ അടിസ്ഥാന കാഴ്ചപ്പാടായ ഈ മൂല്യങ്ങൾ ഇന്നു ചോദ്യം ചെയ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പാരന്പര്യങ്ങൾ ഇന്ന് രാജ്യം ഭരിക്കുന്നവർ ഓരോ ദിവസവും നശിപ്പിക്കുന്നു. ഇന്ത്യയെ നിർമിച്ച നെഹ്റുവിനോട് അവർ വെറുപ്പും അവമതിപ്പും കാണിക്കുന്നു. ഏറ്റവും മോശമായതിലേക്ക് അവർ നീങ്ങുന്നു- സോണിയ പറഞ്ഞു.
ജനാധിപത്യത്തെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരോട് നിശ്ചയദാർഡ്യത്തോടെ പോരാടി സുരക്ഷാവലയം തീർത്ത നെഹ്റുവിന് അർഹമായ ബഹുമാനം നാം നൽകേണ്ടതുണ്ടെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.