തളിപ്പറമ്പ് : പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരിമ്പം ഫാമില്‍ നിര്‍മിച്ച പുലിക്കുളം സംരക്ഷണമില്ലാതെ നാശിക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞും കുളത്തിന്റെ വക്കുകള്‍ ഇടിഞ്ഞും പുലിക്കുളം വിസ്മൃതിയിലേക്ക് മറയുകയാണ്.
1904 ല്‍ ബ്രിട്ടീഷ് കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബര്‍ ആണ് കരിമ്പം ഫാം സ്ഥാപിച്ചത്. നിബിഡവനമായിരുന്ന പ്രദേശത്ത് ഇവിടെയുളള കാലാവസ്ഥയില്‍ ഏതൊക്ക വിളകളാണ് ഉത്തമമെന്നുളള പരീക്ഷണാര്‍ത്ഥം മിക്കവിളകളും നട്ടു പിടിപ്പിച്ചിരുന്നതില് പലതും പ്രൗഡിയോടെ ഇന്നും സംരക്ഷിക്കുന്നുണ്ട്.
എന്നാല്‍ പഴയകാലത്തിന്റെ സ്മാരകമെന്ന നിലയില്‍ നിര്‍മ്മിച്ച പുലിക്കുളം ആരാലും സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്. ഇന്ന് കരിമ്പം ഫാം നിലനില്‍ക്കുന്ന പ്രദേശത്ത് പുലിയും നരിയും തുടങ്ങിയ വന്യ ജീവികളും മാനുകളും കുരങ്ങുകളും ഉള്‍പ്പെടെ ഇന്ന് അത്യപൂര്‍വ്വങ്ങളായ പല ജീവികളും ഉണ്ടായിരുന്നു.
ഇന്നത്തെ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ കാല് നടയാത്രക്കാരും കാളവണ്ടിയും മാത്രം കടന്നു പോയിരുന്ന കാലത്ത് കരിമ്പം ഫാമിന്റെ ഭാഗത്തുകൂടി പകല്‍ സമയത്തുപോലും പുലികളെ പേടിച്ച് തനിയെ യാത്ര ചെയ്തിരുന്നില്ല.
ഇപ്പോള്‍ ജൈവവൈവിധ്യ കേന്ദമായി സംരക്ഷിക്കുന്ന ചോലമൂല എന്നു വിളിക്കുന്ന ഭാഗത്ത് പുലികള്‍ താമസിച്ച പുലിമടകള്‍ ഉണ്ട്.
പുലികളെ അകറ്റുവാന്‍ കല്ലുകള്‍ കൊണ്ട് അടച്ച നിലയിലാണ് അവയുളളത്. 1958-60 കാലഘട്ടത്തിലാണ് ഇവിടെയുണ്ടായിരുന്ന അവസാനത്തെ പുലിയെ വെടിവച്ചു കൊന്നതെന്ന് പഴമക്കാര്‍ ഒര്‍ക്കുന്നു.
ഫാമിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച 1980 ല്‍ ഗതകാല പ്രൗഢി വിളിച്ചോതുന്ന നിരവധി സംഭവങ്ങള്‍ അതിന്റെ തനിമ ചോര്‍ന്നുപോകാതെ ഫാമിനകത്ത് പുനഃസൃഷ്ടിച്ചിരുന്നു. അപ്പോഴാണ് വനപ്രദേശത്തിന്റെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ നിലനിര്‍ത്തിയിരുന്ന, നിരവധി പുലിമടകള്‍ ഉണ്ടായിരുന്ന ഭാഗത്ത് ആ ഓര്മ നിലനിര്‍ത്താന്‍ പുലിയുടെ പ്രതിമയും വലിയ കുളവും നിര്‍മിച്ചത്. കുളത്തിലെ ജലം ഫാമിലെ കാര്‍ഷികാവശ്യത്തിനാണ് ഉപയോഗിച്ചിരുന്നത്.
ഫാമിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന പുലിക്കുളം സംരക്ഷിക്കാന്‍ ആരുമില്ലാതായതോടെ നശിക്കുകയും പുലിപ്രതിമ ആരോ പിഴുതെടുത്ത് കാട്ടിനുള്ളില്‍ വലിച്ചെറിഞ്ഞ നിലയിലുമാണുളളത്.പ്രതിമയുടെ അവശിഷ്ടങ്ങള്‍ ഇന്നും അവിടെയുണ്ട്. വെള്ളം നിറഞ്ഞുനിന്ന കുളത്തില്‍ ഇപ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്.
പുലിപ്രതിമ സ്ഥാപിച്ച പത്തടിയോളം ഉയരമുളള തറ മരങ്ങള്‍ വീണ് തകരുകയും ചെയ്ത നിലയിലാണ്. കാര്‍ഷിക വിദ്യാര്‍ത്ഥികളായും അല്ലാതെയും സന്ദര്‍ശകരായി എത്തുന്നവരെ വളരെയേറെ ആകര്‍ഷിക്കുന്ന അന്തരീക്ഷമാണ് ഇവിടെയുളളത്. ഫാമിന്റെ ചരിത്രവുമായും ഏറെ ബന്ധമുളള ഗതകാല സമൃദ്ധിയുടെ സ്മാരകം പുനസ്ഥാപിക്കുവാനും സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുവാനും അധികാരികള്‍ തയാറാകണമെന്നാണ് പ്രകൃതി സ്നേഹികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.